ബെയ്ജിങ്: ഇസ്രയേലിന്റെ പ്രവൃത്തികള്‍ “പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ മറികടന്നതായി” ചൈനീസ്‌ വിദേശകാര്യമന്ത്രി. ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടനടി നിര്‍ത്തണമെന്നും വിദേശകാര്യമന്ത്രി വാങ് യി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കൂടുതല്‍ രൂക്ഷമാക്കാനുള്ള നീക്കം മറ്റുള്ള രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതെ എത്രയും പെട്ടെന്ന് ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും വാങ് യി പറഞ്ഞു.ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ആദ്യമായാണ് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്. ശനിയാഴ്ച സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വാങ് ഹി ചൈനീസ് നിലപാട്‌ വ്യക്തമാക്കിയത്. “അന്താരാഷ്ട്ര സമൂഹത്തിന്റേയും യുഎന്‍ സെക്രട്ടറി ജനറലിന്റേയും ആഹ്വാനങ്ങള്‍ ഇസ്രയേല്‍ കണക്കിലെടുക്കണം, ഗാസയിലെ ജനങ്ങളെ കൂട്ടായ ശിക്ഷയ്ക്ക് വിധേയമാക്കുന്നത് ഇസ്രയേല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം”, വാങ് യി പറഞ്ഞു.വിഷയത്തില്‍ യുഎസ് ഫലപ്രദവും ഉത്തരവാദിത്വപരവുമായ ഇടപെടല്‍ നടത്തണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി നടത്തിയ മറ്റൊരു ഫോണ്‍ സംഭാഷണത്തില്‍ വാങ് യി ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിനായിസമാധാന യോഗം വിളിക്കണമെന്നും വാങ് യി ബ്ലിങ്കനോട് പറഞ്ഞു. കൂടാതെ, പലസ്തീന്‍ ജനത അനുഭവിക്കുന്ന ചരിത്രപരമായ അനീതിയാണ് ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ജയിംസ് ബോറലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വാങ് യി പറയുകയുണ്ടായി.ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തില്‍ ചൈന നടത്തിയ ഔദ്യോഗികപ്രസ്താവനകളില്‍ ഹമാസിനെക്കുറിച്ച് പരാമര്‍ശമുണ്ടായില്ലെന്ന് ചില പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനചര്‍ച്ചകള്‍ നടപ്പിലാക്കാനുമായി ചൈനയുടെ പ്രത്യേകപ്രതിനിധി ഷായ് ജുന്‍ വരുന്നയാഴ്ച പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ചൈനയുടെ ദേശീയ ടെലിവിഷന്‍ ചാനലായ സിസിടിവി വീഡിയോയില്‍ വ്യക്തമാക്കി.അറബ് ലീഗിന്റെ പ്രതിനിധികളുമായി ഷായ് ജുന്‍ ബെയ്ജിങ്ങില്‍ വെച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീന്റെ വിഷയത്തില്‍ സുപ്രധാന ഇടപെടല്‍ നടത്തുന്ന പ്രാദേശിക സംഘടനയ്ക്ക് ചൈന പിന്തുണ നല്‍കിയതായും ഷായ് ജുന്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമധാന പുനഃസ്ഥാപനത്തിനായി ചൈന പ്രയത്‌നിക്കുമെന്നും ഷായ് ജുന്‍ പ്രസ്താവിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!