ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാനെ തവിടുപൊടിയാക്കി ഇന്ത്യക്ക് ഇടിവെട്ട് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് എന്ന വിജയലക്ഷ്യം 30.3 ഓവറില്‍ ഇന്ത്യ മറികടന്നു. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ, ഇന്ത്യ പൊയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സെഞ്ച്വറിക്ക് അരികില്‍ പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ആണ് ഇന്ത്യയുടെ വിജയത്തിന് തുണയായത്. 63 പന്തില്‍ ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ രോഹിത് 86 റണ്‍സ് നേടി. ടീം സ്‌കോര്‍ 156 റൺസ് എത്തി നില്‍ക്കെയാണ് രോഹിത് പുറത്തായത്.ശ്രേയസ് അയ്യര്‍ 62 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്നു. രണ്ട് സിക്‌സും മൂന്നു ഫോറും ചേര്‍ന്നതായിരുന്നു ശ്രേയസ്സിന്റെ ഇന്നിങ്‌സ്. കെ എല്‍ രാഹുല്‍ 29 പന്തില്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്ഥാനെതിരെ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്.192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്കായി തകര്‍ത്തടിച്ചാണ് രോഹിത് ശര്‍മ – ശുഭ്മാന്‍ ഗില്‍ സഖ്യം തുടങ്ങിയത്. ഡെങ്കിപ്പനി മൂലം ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഗില്‍ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ 11 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി.തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് രോഹിത് 56 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യന്‍ ഇന്നിങ്സ് ട്രാക്കിലായി. ഇതിനിടെ ഹസന്‍ അലിക്കെതിരായ കോഹ്‌ലിയുടെ ഷോട്ട് പിഴച്ചു. പാകിസ്ഥാനെതിരേ എന്നും തിളങ്ങാറുള്ള കോഹ്‌ലി 18 പന്തില്‍ നിന്ന് 16 റണ്‍സുമായി മടങ്ങി.എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – ശ്രേയസ് അയ്യര്‍ സഖ്യം കളി പൂര്‍ണമായും ഇന്ത്യയ്ക്ക് അനുകൂലമാക്കി. 77 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. രോഹിത് പുറത്തായതിനു പിന്നാലെ ശ്രേയസും കെഎല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുല്‍ 19 റണ്‍സോടെ പുറത്താകാതെ നിന്നു.പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.. 42.5 ഓവറില്‍ പാക് താരങ്ങള്‍ കൂടാരം കയറി. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ,പാണ്ഡ്യ, ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് ടോപ്‌സ്‌കോറര്‍. അസം അര്‍ധ സെഞ്ച്വറി നേടി. ബൗളര്‍മാരുടെ മികച്ച പ്രകടനവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളുമാണ് നിര്‍ണായകമായത്. ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്ഥാന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. രണ്ട് വെല്ലുവിളിയും മറികടന്ന ഇന്ത്യ ചിരവൈരികളെ 191 റണ്‍സില്‍ തളച്ചു.കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ അബ്ദുല്ല ഷഫീഖ് 8ാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. 24 പന്തില്‍നിന്ന് 20 റണ്‍സാണ് ഷഫീഖ് നേടിയത്. 13ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ കെഎല്‍ രാഹുല്‍ പിടിച്ചാണ് ഇമാം ഉല്‍ ഹഖ് പുറത്തായത്. 38 പന്തില്‍ 36 റണ്‍സാണ് സമ്പാദ്യം.ഇടയ്ക്ക് റിസ്വാനെതിരെ എല്‍ബിഡബ്ല്യു അപ്പീല്‍ നല്‍കിയ ഇന്ത്യയ്ക്ക് അനുകൂലമായി അംപയര്‍ തീരുമാനമെടുത്തെങ്കിലും, ഡിആര്‍എസ് റിസ്വാനെ രക്ഷിച്ചു. ബാബറിനൊപ്പം ചേര്‍ന്ന് റിസ്വാന്‍ 19ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പാക് ഇന്നിങ്‌സില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ ബാബര്‍ അസം 30ാം ഓവറില്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്തായി. 58 പന്തില്‍ 50 റണ്‍സ് നേടിയ ബാബര്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. 7 ഫോര്‍ ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. അഞ്ചാമനായിറങ്ങിയ സൗദ് ഷക്കീല്‍ (10 പന്തില്‍ 6) കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. പിന്നാലെയിറങ്ങിയ ഇഫ്തിഖര്‍ അഹമ്മദും അതേ ഓവറില്‍ ബോള്‍ഡായി. ഒരു ഫോര്‍ മാത്രമാണ് താരത്തിന് നേടാനായത്.

49 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനെ തൊട്ടടുത്ത ഓവറില്‍ ബുമ്ര മടക്കി. 69 പന്തില്‍നിന്ന് 7 ഫോര്‍ ഉള്‍പ്പെടെയാണ് റിസ്വാന്‍ 49 റണ്‍സ് നേടിയത്. ഒരു ഓവറിന്റെ ഇടവേളയില്‍ മടങ്ങിയെത്തിയ ബുമ്ര ഷദാബ് ഖാനെ (5 പന്തില്‍ 2) ക്ലീന്‍ ബോള്‍ഡാക്കി. 4 റണ്‍സ് നേടിയ മുഹമ്മദ് നവാസിനെ ഹാര്‍ദിക് പാണ്ഡ്യ ബുമ്രയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ 12 റണ്‍സുമായി ഹസന്‍ അലിയും മടങ്ങി. ജഡേജയ്ക്കായിരുന്നു ഇത്തവണ വിക്കറ്റ്. പതിനൊന്നാമനായി ഇറങ്ങിയ ഹാരിസ് റൗഫിനെ (6 പന്തില്‍ 2) ജഡേജ മടങ്ങിയതോടെ പാക് തിരശീല വീണു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!