പൂച്ചാക്കൽ: പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരിക്ക് 111 വർഷം കഠിന തടവ് വിധിച്ച് കോടതി. പൂച്ചാക്കൽ വൈറ്റിലശേരി വീട്ടിൽ രാജേഷിനെയാണ് (42) ചേർത്തല അതിവേഗ സ്പെഷ്യൽ പോക്സോ കോടതി 111 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ആറുലക്ഷം രൂപ പിഴ അടയ്ക്കണമെന്നും അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി കെ.എം.വാണി വിധിച്ചു. പൂജ പഠിക്കാനെത്തിയ പത്തുവയസുകാരനെയാണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവും അനുഭവിക്കേണ്ടി വരുമെന്നും ശിക്ഷാവിധിയിൽ വ്യക്തമാക്കുന്നു.2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തൈക്കാട്ടുശേരി മണപ്പുറത്തിന് സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു രാജേഷ്. രാജേഷിന്റെ അടുക്കൽ ശാന്തിപ്പണി പഠിക്കാൻ വന്ന കുട്ടിക്ക് നേരെ ശാന്തിമഠത്തിൽ വച്ച് രാത്രിയിൽ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിറ്റേ ദിവസം പുലർച്ചെ പൂജയുണ്ടെന്നും അതിൽ സഹായിക്കണമെന്നും പറഞ്ഞ് പ്രതി കുട്ടിയുടെ അച്ഛനിൽ നിന്ന് അനുവാദം വാങ്ങി കുട്ടിയെയും മറ്റൊരു ആറുവയസുകാരനെയും ശാന്തി മഠത്തിൽ താമസിപ്പിച്ചു.ഇടയ്ക്ക് ഉറക്കമുണർന്നപ്പോഴാണ് തന്നെ നഗ്നനാക്കിയതും ലൈംഗികാതിക്രമം നടത്തുന്നതും കട്ടി മനസിലാക്കിയത്. എതിർത്തപ്പോൾ കുട്ടിയുടെ നെഞ്ചിൽ അടിക്കുകയും ചുണ്ടിൽ കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ആറു വയസുകാരനെ മൂത്രമൊഴിപ്പിച്ച കിടത്താനായി ആ കുട്ടിയുടെ പിതാവ് എത്തിയപ്പോഴാണ് കരഞ്ഞു കൊണ്ടിരുന്ന ബാലനെ കണ്ടത്. തുടർന്ന് വീട്ടിൽ എത്തിക്കുകയായിരുന്നു. ഇടയ്ക്ക് ഉറക്കമുണർന്നപ്പോൾ പ്രതി നഗ്നനായി നിൽക്കുന്നത് കണ്ട ആറുവയസുകാരന്റെ മൊഴിയാണ് കേസിൽ നിർണായക തെളിവായത്.പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർമാരായ അജയ് മോഹൻ, അജി ജി. നാഥ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ, എ.എസ്.ഐ. സുനിൽ,സി.പി.ഒ നിത്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി. ബീന ഹാജരായി.