തിരുവനന്തപുരം: എഐ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾ വഴി സംസ്ഥാന ഖജനാവിലേക്ക് വലിയൊരു തുകയാകും എത്തുകയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ജൂൺ 5 മുതൽ സെപ്റ്റബർ 30 വരെയുള്ള കാലയളവിൽ എ ഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾക്കായി 102 കോടിയിലധികം ചെല്ലാനാണ് ഗതാഗതവകുപ്പ് നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.എ ഐ ക്യാമറ പ്രവർത്തനം ആരംഭിച്ച ജൂൺ മാസത്തിലാണ് ഏറ്റവുമധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജൂണിൽ മാത്രം സംസ്ഥാനത്ത് 18.77 ലക്ഷത്തിലധികം ഗതാഗത നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ജൂലൈ മാസത്തിൽ ഇക്കാര്യത്തിൽ അഞ്ച് ലക്ഷത്തിന്‍റെ കുറവ് ഉണ്ടായി. ജൂലൈയിൽ 13.63 ലക്ഷം ഗതാഗത നിയമ ലംഘനങ്ങൾ മാത്രമാണ് എ ഐ ക്യാമറ കണ്ടെത്തിയത്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ വീണ്ടും നിയമലംഘനങ്ങൾ കൂടി. ഓഗസ്റ്റിൽ നിയമ ലംഘനങ്ങളുടെ 16.89 ലക്ഷം ക്യാമറ ക്ലിക്കുകളാണ് എ ഐയിൽ പതിഞ്ഞത്. എന്നാൽ സെപ്തംബർ മാസത്തിൽ വീണ്ടും ഗതാഗത നിയമ ലംഘനങ്ങൾ കുറയുകയായിരുന്നു. സെപ്തംബറിൽ 13.38 ലക്ഷം ഗതാഗത നിയമ ലംഘനങ്ങൾ മാത്രമാണ് എ ഐ ക്യാമറയിൽ പതിഞ്ഞത്.സംസ്ഥാന ഖജനാവിലേക്ക് വലിയൊരു തുകയാകും ഇതുവഴി എത്തുക. ജൂൺ 5 മുതൽ സെപ്റ്റബർ 30 വരെയുള്ള കാലയളവിൽ എ ഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾക്കായി 102 കോടിയിലധികം ചെല്ലാനാണ് ഗതാഗതവകുപ്പ് നൽകിയിട്ടുള്ളത്. എ ഐ ക്യാമറകൾ വഴി വി ഐ പി വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും പിടികൂടിയിട്ടുണ്ടെന്നതാണ് മറ്റൊരു കാര്യം. എം പി, എം എൽ എ എന്നിവരുടെ നിയമ ലംഘനങ്ങൾ 56 തവണയാണ് കണ്ടെത്തിയതെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്. എ ഐ ക്യാമറ വന്നതിനുശേഷം ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞെന്നും മന്ത്രി വിവരിച്ചു.