തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസില്‍ ചോദ്യം ചെയ്യലിനിടെ നിർണായക വെളിപ്പെടുത്തലുമായി കേസിലെ പരാതിക്കാരനായ ഹരിദാസൻ. ഏപ്രില്‍ 10-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി. എന്നാൽ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്ന് ഹരിദാസന്റെ കുറ്റസമ്മത മൊഴി.വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു. കന്റോൺമെൻറ് പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. പണം കൈമാറ്റമോ ആൾമാറാട്ടമോ നടന്നിട്ടില്ലെന്നും ഹരിദാസനെ കേസിൽ പ്രതി ചേർത്തേക്കുമെന്നും പൊലീസ് പറഞ്ഞു.വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസന്‍ കൂടുതല്‍ അവധി ചോദിക്കുകയായിരുന്നു. ഒടുവില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഹരിദാസനെത്തി. പോലീസ് പ്രാഥമികമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടെയാണ് ഹരിദാസന്‍ ഉരുണ്ട് കളിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന് പണം നല്‍കിയെന്ന് ആരോപിച്ച ദിവസം നടന്ന സംഭവങ്ങളും അന്ന് കണ്ട വ്യക്തികളേയും ഓര്‍മയില്ലെന്നാണ് ഹരിദാസ് പറയുന്നത്. ഇതോടെ ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന് പണം നല്‍കിയെന്ന ആരോപണം ഏതെങ്കിലും ദുരുദ്ദേശ്യത്തോടെആരോപിച്ച ഭാവനാസൃഷ്ടിയാണോ എന്ന് പോലീസിന് സംശയമുണ്ട്. അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഹീസ്‌, അഖില്‍ സജീവ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ഇത്തരത്തിലൊരു ഗൂഢാലോചനയുടെ സാധ്യത പോലീസ് കണ്ടെത്തിയിട്ടുണ്ട്‌. ഹരിദാസന്റെ സുഹൃത്ത് ബാസിതിനോടും ചോദ്യം ചെയ്യലിനെത്തണമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും ബാസിത് ഇതുവരെ ഹാജരായില്ല. ഇയാള്‍ ഒളിവില്‍ പോയേക്കുമെന്ന സംശയവും പോലീസിനുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!