ചാലക്കുടി: വീട്ടിൽ മദ്യ വിൽപ്പന നടത്തിയിരുന്ന സ്ത്രീയെ അറസ്റ്റ് ചെയ്ത് പോലീസ്. കിഴക്കെ- കുറ്റിച്ചിറ ഭാഗത്ത് വീട്ടിൽ ബാറിന്റെ സൗകര്യങ്ങളോടെ മദ്യം വിറ്റിരുന്ന തച്ചപ്പിള്ളി വീട്ടിൽ ഉഷയെയാണ്(53) പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യം, ബിയർ എന്നിവ പിടിച്ചെടുത്തു. ഇവർക്കെതിരെ സമീപവാസികൾ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ റെയ്‌ഡിലാണ് അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്തത്.പുലർച്ചെ മുതലാണ് ഉഷയുടെ ബാർ പ്രവർത്തിച്ചു തുടങ്ങുന്നത്. മറ്റ് ബാറുകൾക്ക് മുടക്കുള്ള ദിവസങ്ങളിലാണ് ‘ഉഷാ ബാർ’ കൂടുതൽ സജീവമാകുന്നത്. ഉഷ മുൻപും അബ്‌കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. നാല് കേസുകളിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു. വെള്ളിക്കുളങ്ങര, അടിച്ചിലി, ചാലക്കുടി എന്നിവിടങ്ങിലുള്ള ബിവറേജുകളിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയിരുന്നത്. ഉഷയുടെ ഭർത്താവും മകളും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.ചാലക്കുടി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ കെ എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ പി രാമചന്ദ്രൻ, (ജി ആർ) പ്രിവന്റീവ് ഓഫീസർ സി കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ എം ആർ ഉണ്ണികൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കാവ്യ കെ എസ് എന്നിവർ അന്വേഷണത്തിൽ ഭാഗമായി. ഉഷയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.കഴിഞ്ഞദിവസം തൃശൂരിൽ ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 35 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടിയിരുന്നു. കൊടുങ്ങല്ലൂർ അഴീക്കോട് കപ്പൽ ബസാറിൽ നിന്നാണ് വിദേശമദ്യം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കപ്പാൽ ബസാർ കൂന്തനേഴത്ത് വീട്ടിൽ ജിജേഷിനെ (38) കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ഷംനാഥും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഒന്നാംതീയതിയും രണ്ടാം തീയതി ഗാന്ധി ജയന്തി ദിനവും കാരണം ഡ്രൈ ഡേയിൽ മദ്യം വിൽക്കാനുള്ള പദ്ധതിയാണ് എക്സൈസ് പൊളിച്ചത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.