ബെത്‌ലഹേം: പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു എന്ന് വിവരം. കൊച്ചിയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിന് പുറമേയാണ് ഈ കണക്ക്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഭയന്ന് ബെത്‌ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം ഇരുന്നൂറോളം മലയാളികളുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. മുംബൈയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിലെ മലയാളിയായ ജോയ് പ്രതികരിച്ചതനുസരിച്ച് നിലവില്‍ ഇവിടെയുള്ളവര്‍ സുരക്ഷിതരാണെന്നാണ് അറിയാൻ കഴിഞ്ഞത്.ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കുര്‍ബാന നടക്കുമ്പോഴാണ് സൈറണ്‍ കേള്‍ക്കുന്നതും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് നിര്‍ദേശം ലഭിക്കുന്നതും. ഉടന്‍ തന്നെ പുറപ്പെട്ട് ബെത്‌ലഹേമിലെ ഹോട്ടലില്‍ തിരിച്ചെത്തി. നിലവില്‍ സുരക്ഷിതരാണ്. യാത്രാപദ്ധതിയനുസരിച്ച് തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് ഈജിപ്തിലെ കെയ്‌റോയിലേക്ക് പോവേണ്ടതാണ്. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം യാത്രതിരിക്കണമെന്നാണ് ലഭിച്ചിരിക്കുന്ന സന്ദേശമെന്ന് ജോയ് പറഞ്ഞു.തങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ എന്താണ്ട് 200-ഓളം മലയാളികളുണ്ട്. അടുത്ത നിര്‍ദേശം ലഭിച്ചാല്‍ തിങ്കളാഴ്ച രാവിലെ തന്നെ ഈജിപ്തിലേക്കുള്ള യാത്ര തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ കൊച്ചിയില്‍നിന്ന് ജോര്‍ദാന്‍, ഇസ്രയേല്‍, പലസ്തീന്‍, ഈജിപ്ത് എന്നിവിടങ്ങളിൽ സന്ദര്‍ശനത്തിന് പോയ മലയാളികളുടെ തീര്‍ഥാടക സംഘവും ബെത്‌ലഹേമില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു. 45 പേരാണ് ഈ സംഘത്തില്‍ ഉള്ളത്.