കൊല്ലം: വൈദ്യുതി ലൈനിലേക്ക് വീണ ചാര് (ചേര്) മരം മുറിച്ച് മാറ്റിയതിനെ തുടർന്ന് അഗ്നിശമന സേനാംഗത്തിന് അലർജി രോഗം. കൊല്ലം കടയ്ക്കൽ അഗ്നിരക്ഷാ നിലയത്തിലെ ഫയർ റെസ്ക്യു ഓഫീസർ മുഹമ്മദ് സുൽഫിക്കാണ് ഗുരുതര അലർജി ബാധിച്ചത്. ഇദ്ദേഹത്തിന്റെ ശരീരമാസകലം വ്രണമായ അവസ്ഥയിലായത്.കഴിഞ്ഞ 29നാണ് ആഴാന്തക്കുഴിയിൽ വൈദ്യുതി ലൈനിൽ കൂടി ചാരു മരം വീണു ഗതാഗത തടസ്സം ഉണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സംഘം സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയാണ് മരം മുറിച്ചത്. പിന്നീട് മുഹമ്മദ് സുൽഫിക്ക് മുഖത്തും കൈകളിലും അലർജി ഉണ്ടായി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുൽഫിയെ കൂടുതൽ ചികിത്സയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. റീജനൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ് സുൽഫിയെ സന്ദർശിച്ചു.ചാര് എന്നും ചേര് എന്നു വിളിക്കുന്ന ഈ മരം ‘അനാർകടി യെസി’ എന്ന സസ്യ കുടുംബത്തിൽപ്പെട്ടതാണ്. ‘ഹെലികാർന അർനോട്യാന’ എന്നാണ് ശാസ്ത്രനാമം. സംസ്കൃതത്തിൽ ഇതിനെ ദല്ലാദകം, അഗ്നിമുഖി എന്നും വിളിക്കാറുണ്ട്. അലർജി മൂലം തൊലിപ്പുറത്തു കുമിളകൾ വന്നു പൊട്ടുന്നതിനാലാണ് അഗ്നിമുഖി എന്നു വിളിക്കുന്നത്. അലക്കുകാർ ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ അലക്കുമ്പോൾ ഇതിന്റെ കായ പൊട്ടിച്ച് അടയാളപ്പെടുത്താറുണ്ട്. കറുത്ത നിറത്തിലെ അടയാളം ഒരിക്കലും മായില്ല. അതിനാൽ അലക്ക് ചേര് (ഡോബി നട്ട്) എന്ന പേരും ഉണ്ട്. ചിലർക്കു മരത്തിന്റെ ചുവട്ടിൽ ചെന്നാൽ പോലും അലർജി ഉണ്ടാകും. കറയിൽ നിന്നാണ് അലർജി ഉണ്ടാകുന്നത്