കൊച്ചി: ഡോക്ടർ വന്ദന ദാസ് കൊലപാതകത്തിൽ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാൻ ഡി ജി പിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വന്ദന ദാസിന്റെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കേടതി നടപടി. ചില പൊലീസുകാരുടെ പങ്ക് അന്വേഷിച്ചില്ലെന്ന ആക്ഷേപം പരിശോധിക്കണമെന്നും ഹൈക്കേടതി നിർദ്ദേശിച്ചു. വന്ദന ദാസിന്റെ രക്ഷിതാക്കളെ കൂടി കേട്ട ശേഷം രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട്‌ നൽകാനാണ് കോടതി നിർദ്ദേശം.ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി, കൊല്ലം റൂറൽ എസ് പി കഴിഞ്ഞാഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബേബി മോഹൻ, ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവ‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഡിഐജി ആർ നിശാന്തിനി ഉത്തരവിടുകയും ചെയ്തു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാർത്ഥം മാറിനിന്നെന്നായിരുന്നു റൂറൽ എസ് പിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ.ഇക്കഴിഞ്ഞ മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ. വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!