മാനന്തവാടി: കടയിൽ കയറി മോഷണം. പക്ഷേ, മേശയിലെ പണത്തിൽ തൊട്ടില്ല. മാനന്തവാടി തോണിച്ചാലിൽ മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്. കള്ളൻ കയറിയത് എൻ പി ബനാന ഏജൻസിയിലാണ്. മൊത്തം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പണമായിട്ട് കള്ളൻ കൊണ്ടുപോയില്ലെങ്കിലും പൂട്ട് പൊളിച്ച് അകത്ത് കയറി ഒമ്പത് ചാക്ക് കുരുമുളകാണ് തോണിച്ചാലിലെ മലഞ്ചരക്ക് കടയിൽ നിന്നും കൊണ്ടുപോയത്. നിലവിലെ വില നോക്കിയാൽ, രണ്ടര ലക്ഷത്തോളം രൂപയുടെ മുതലാണ് നഷ്ടപ്പെട്ടതെന്ന് കടയുടമ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.സംഭവം ഇങ്ങനെഎൻ പി ബിജുവിന്‍റെ ഉടമസ്ഥതയിൽ തോണിച്ചാലിലുള്ള എൻ പി ബനാന ഏജൻസിയിലാണ് ഇന്ന് പുലർച്ചെയോടെ മോഷണം നടന്നത്. മൊത്തം 9 ചാക്ക് കുരുമുളകാണ് ഇവിടെ നിന്നും നഷ്ട്ടപ്പെട്ടിട്ടുണ്ട്. പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. 21 ചാക്ക് കുരുമുളകും, അര ചാക്ക് കാപ്പിയുമാണ് കടയിലുണ്ടായിരുന്നത്. ഇതിൽ 9 ചാക്ക് കുരുമുളകാണ് നഷ്ട്ടപ്പെട്ടത്. മേശയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടില്ല. ജീവനക്കാരൻ കട തുറക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നിലവിലെ വിപണി വിലയനുസരിച്ച് രണ്ട് ലക്ഷത്തിൽപരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബിജു പറഞ്ഞു. സമീപത്ത് കച്ചവട സ്ഥാപനത്തിലെ സി സി ടി വി യിൽ പുലർച്ചെ രണ്ടിനും മൂന്നിനുമിടയിൽ വാഹനം കടന്ന് പോയതിന്‍റെ ദൃശ്യങ്ങൾ ഉള്ളതായി സൂചനയുണ്ട്. മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുൾ കരീം, എസ് ഐ കെ കെ സോബിൻ , വിരലടയാള വിദഗ്ധർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഉടൻ പിടികുടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് വിവരിച്ചു