ഗാങ്ടോക്: സിക്കിമിലെ ടീസ്റ്റ നദിയിൽ മിന്നൽ പ്രളയം. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടർന്ന് നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളിൽ 20 അടി വരെ ജലനിരപ്പുയർന്നിരുന്നു. പ്രളയത്തിൽ 23 സൈനികരെ കാണാതാവുകയും സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലാവുകയും ചെയ്തു. കാണായവർക്കു വേണ്ടി സൈന്യം തിരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച ലാചെൻ താഴ്‌വരയിലാണ് സംഭവം.വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും തുറന്നുവിടുകയും ചെയ്തു. സിങ്താമിനു സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകർന്നു. സംഭവത്തെ തുടർന്ന് പശ്ചിമ ബംഗാളിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്