തിരുവനന്തപുരം: പെരുമഴയത്ത് കുട്ടികളുടെ കായികമേള നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടും മത്സരം മാറ്റിവെക്കാൻ അധികൃതർ തയ്യാറില്ല.മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് അത്‌ലറ്റിക് മീറ്റിനെത്തിയിരുന്നത്. കനത്ത മഴ രാവിലെ മുതല്‍ പെയ്തിട്ടും കുട്ടികള്‍ നനഞ്ഞ് വിറച്ച് നില്‍ക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാന്‍ തയ്യാറായില്ല.400 മീറ്റര്‍, 1500 മീറ്റര്‍, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച് നില്‍ക്കുന്ന കുട്ടികളെ കൊണ്ട് വീണ്ടും മത്സരം നടത്താന്‍ അധികൃതര്‍ തയ്യാറായതോടെയാണ് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്. ഇന്നലെ തുടങ്ങിയ സ്‌കൂള്‍ മീറ്റ് ഇന്ന് അവസാനിക്കേണ്ടതാണ്.