പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ പാടത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ സ്ഥലമുടമ കുറ്റം സമ്മതിച്ചു. സ്ഥലമുടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയാണ് ഇരുവരും മരിച്ചതെന്നാണ് ആനന്ദ് കുമാറിന്റെ മൊഴി. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിടുകയായിരുന്നെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഇയാൾ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. കുഴിച്ചിട്ട രണ്ട് മൃതദേഹങ്ങളും ഇന്ന് പുറത്തെടുക്കും. ഇൻക്വസ്റ്റ് നടപടികൾ രാവിലെ തുടങ്ങും. ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക വിവരം.ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതെന്നാണ് പൊലീസിന്റെ സംശയം. സ്ഥലമുടമ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.