കോഴിക്കോട്: സംസ്ഥാനത്ത് ട്രൂനാറ്റ് പരിശോധന നടത്താൻ അനുമതി. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചാണ് നിപ്പ വൈറസ് ബാധ പരിശോധിക്കാനുള്ള ട്രൂനാറ്റ് പരിശോധന നടത്താൻ അനുമതി നൽകിയത്. ലവൽ–2 ബയോ സേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അനുമതി. ഇതിലൂടെ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും കഴിയും. ട്രൂനാറ്റ് പരിശോധനയിൽ നിപ്പ സാന്നിധ്യം കണ്ടെത്തുന്ന സാംപിളുകൾ തിരുവനന്തപുരം, തോന്നയ്ക്കൽ, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയയ്ക്കാമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.മികച്ച പ്രവർത്തനവും സംഘാടനവും കൊണ്ടാണു വലിയൊരു ദുരന്തത്തെ മറികടക്കാനായതെന്നും കൂടുതൽ പേരെ വൈറസ് ബാധയിൽ നിന്നു രക്ഷിക്കാൻ അക്ഷീണം യത്നിക്കുന്നവരെ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.അതേസമയം, ഇന്നലെയും പുതിയ രോഗബാധിതരില്ല. നിപ്പ സ്ഥിരീകരിച്ചു മരിച്ച ആദ്യ രോഗി കള്ളാട് സ്വദേശി മുഹമ്മദിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഐസലേഷൻ കാലാവധി പൂർത്തിയായി. അടുത്ത സമ്പർക്കമുള്ളവർക്കു പോലും രോഗമില്ലെന്നു സ്ഥിരീകരിച്ചത് ആശ്വാസകരമാണ്. നിപ്പ സ്ഥിരീകരിച്ച 9 വയസ്സുള്ള കുട്ടിയടക്കം ചികിത്സയിലുള്ള 4 പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ വ്യക്തമാക്കി. 323 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 317 എണ്ണം നെഗറ്റീവ് ആയി. മറ്റു നിപ്പ രോഗികളുമായി സമ്പർക്കം പുലർത്തിയ 980 പേരാണ് ഇനി സമ്പർക്കപ്പട്ടികയിൽ ഉള്ളത്.