കൊച്ചി: അനുവദനീയമായതിലും കൂടുതല്‍ വേഗവും ശക്തിയും കൂട്ടി വില്‍പ്പന നടത്തിയതിന് കൊച്ചിയില്‍ 21 ഇലക്ട്രിക് സ്‌കൂട്ടറുകൾ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. പിടികൂടിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചെന്നൈയിലെ കേന്ദ്രസര്‍ക്കാരിന്റെ പരിശോധനാ കേന്ദ്രത്തിലെത്തിച്ച് പരിശോധിക്കും എന്നാണ് റിപ്പോർട്ട്. കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ഈ പരിശോധന. കൃത്രിമം തെളിഞ്ഞാല്‍ വാഹനക്കമ്പനികള്‍ കോടികള്‍ പിഴ നല്‍കേണ്ടിവരും.ബാറ്ററിയുടെ പവര്‍, മോട്ടോര്‍ പവര്‍ എന്നിവയില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്നതാണ് പ്രധാനമായും നോക്കുക. ഒരു സ്‌കൂട്ടറിന് 70,000 രൂപയാണ് പരിശോധനാ ചെലവ്. പരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ചെന്നൈയിലെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രത്തിലാണ് പരിശോധന. ഇതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍.ഓടിക്കുന്നതിന് ലൈസന്‍സോ ആര്‍.ടി.ഒ. രജിസ്ട്രേഷനോ വേണ്ടാത്ത സ്‌കൂട്ടറുകളാണ് കുറഞ്ഞ വേഗപരിധി വിഭാഗത്തിലുള്ളത്. ഇന്‍ഷുറന്‍സോ നികുതിയോ ഇല്ല. പരമാവധി വേഗം മണിക്കൂറില്‍ 25 കിലോമീറ്ററാണ്. ബാറ്ററിയുടെ ട്രാക്ഷന്‍ പവര്‍ 250 വാട്ടില്‍നിന്ന് ഇരട്ടി കൂട്ടി, ശേഷി കൂടിയ മോട്ടോറുകള്‍ ഘടിപ്പിച്ച് രജിസ്ട്രേഷന്‍ വേണ്ടാത്ത വിഭാഗത്തിനുള്ള എക്‌സംപ്ഷന്‍ ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷമാണ് ഇവ വില്‍പ്പന നടത്തിയത്. സര്‍ക്കാരിന് നികുതി നഷ്ടത്തിനു പുറമേ അപകടമോ മറ്റോ ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് നടപടിക്രമങ്ങള്‍ക്കും ഇത് തടസ്സമാകും.രജിസ്ട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനു മുന്‍പ് രജിസ്ട്രേഷന്‍ ആവശ്യമുള്ളതാണോ അല്ലാത്തതാണോ എന്ന് ഉറപ്പുവരുത്തണം. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2 (യു) വിലാണ് ബാറ്ററി ഓപ്പറേറ്റഡ് ടൂവീലറുകളെക്കുറിച്ച് നിര്‍വചിച്ചിരിക്കുന്നത്.ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ ശക്തി 250 വാട്ടിലും പരമാവധി വേഗം മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെയും ബാറ്ററിയുടെ ഭാരം ഒഴികെ വാഹനത്തിന്റെ ഭാരം 60 കിലോയില്‍ താഴെയുമായിരിക്കണം. ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ് ഏജന്‍സികള്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്തവയുമാണെങ്കില്‍ അത്തരം ടൂവീലറുകളെ ഒരു മോട്ടോര്‍ വാഹനമായി കണക്കാക്കില്ല. അത്തരം ടൂ വീലറുകള്‍ക്ക് രജിസ്ട്രേഷനും ആവശ്യമില്ല.