ബെംഗളുരു: മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിൽ വെട്ടിനുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട യുവതി ആരെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന ചുരിദാർ സൂചനയാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പതിനെട്ടോ പത്തൊൻപതോ വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടേതാണ് മൃതദേഹം.കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറി ഓട്ടക്കൊല്ലിക്ക് സമീപമാണ് മൃതദേഹമടങ്ങിയ ട്രോളി ബാഗ് കണ്ടെത്തിയത്, ബാഗ് തുറന്നപ്പോൾ നാലു കഷണമായി മുറിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ഇത് കണ്ടെത്തിയ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങൾ വിരാജ്‌പേട്ട താലൂക്കാശുപത്രിമോർച്ചറിയിലേക്കു മാറ്റി. അമേരിക്കയിൽനിന്നുള്ള പുതിയ ട്രോളിബാഗിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു എന്നാണ് വിവരം.
ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പെൺകുട്ടിയുടേതാണെന്ന വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. മൃതദേഹ പരിശോധനയിൽ പെൺകുട്ടിക്ക് പതിനെട്ടോ പത്തൊൻപതോ വയസ്സ് മാത്രമാണ് പ്രായമെന്നാണ് വിവരം. കൊല നടന്നിട്ട് രണ്ടാഴ്ചയായിരിക്കാമെന്ന് പൊലീസ് കരുതുന്നു. മൃതദേഹം ആരുടേതാണെന്ന് അറിയുന്നതിനുള്ള വ്യാപകമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.കണ്ണൂരിൽ നിന്നും ബെംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തർസംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം.കേരളാ അതിർത്തിയിൽ നിന്ന് 15 കീലോമീറ്ററോളം മാറി കർണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിരാജ്‌പേട്ട പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ധാരാളം പേർ ദിനം പ്രതി സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കർണാടക പൊലീസ് അറിയിച്ചത്.