കൊച്ചി: കെഎസ്ആർടിസി ബസിൽ യുവ നടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഭിനേത്രിയായ നന്ദിത തൃശൂരിൽനിന്ന് ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബസിൽ എറണാകുളത്തേക്കു പോകുമ്പോഴാണ് യുവാവിൽനിന്ന് മോശം പെരുമാറ്റം നേരിട്ടത്. നന്ദിത പ്രതികരിക്കുകയും അതിന്റെ വിഡിയോ പകർത്തുകയും ചെയ്തതോടെ എഴുന്നേറ്റ യുവാവ് ബസ് നിർത്തിയപ്പോൾ ഇറങ്ങിയോടിയെങ്കിലും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറുകയായിരുന്നു.സവാദിന് സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻതിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന യുവതിയുടെ പരാതിയിൽ ജയിലിലായ സവാദിനു പിന്തുണ പ്രഖ്യാപിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും സ്വീകരണം നൽകുമെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി നൽകിയ കള്ളപരാതിയാണെന്ന് ആരോപിച്ച് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകി. ‘സവാദിന് നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുടുംബം താമസം മാറി. സവാദ് മാനസികമായി തകർന്ന അവസ്ഥയിലാണ്. ഇപ്പോഴത്തെ മാനസിക അവസ്ഥയിൽനിന്ന് യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യപരിഗണന. സത്യം പുറത്തുവരണം’–അജിത് കുമാർ പറയുന്നു.