ന്യൂഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന അബ്ദുൾ നാസർ മദനിയുടെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കും. ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മദനി സമർപ്പിച്ച അപേക്ഷയാണ് സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കുക. മെച്ചപ്പെട്ട ചികിത്സക്കായി കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നാണ് മദനിയുടെ ആവശ്യം.ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണമെന്ന് മദനി അപേക്ഷയിൽ ആവശ്യപ്പെടുന്നു. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു. ഇത് പരിഹരിക്കാനാണ് ആയുർവേദ ചികിത്സ തേടുന്നത്. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാൻ അവസരം നൽകണം. വിചാരണപൂർത്തിയാകുന്നത് വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണം. ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണ്. വിചാരണ പൂർത്തിയാക്കാൻ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കുന്നു.ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ അഭിഭാഷകൻ ഹാരീസ് ബീരാൻ ഹർജിയെക്കുറിച്ച് പരാമർശിച്ചിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.