കോഴിക്കോട്: മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുകൊടുത്തതാണ് യുവാവിന്റെ മരണത്തിന് കാരണമെന്ന് പരാതി. കൊയിലാണ്ടി കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീമാണ്(42) മരിച്ചത്. അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന കടയില്‍നിന്നും മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുനല്‍കിയെന്നും ഇത് കുടിച്ചാണ് മരണം സംഭവിച്ചതെന്നുമുള്ള ആരോപണമാണ് ഉയരുന്നത്.കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിയിലെ ബാറിന് സമീപം കരീമിനെ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ശരീരത്തിലാകെ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ബാറിന് സമീപം ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ അനധികൃത മദ്യവില്‍പ്പനയും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ ബാറിലേതിന് സമാനമായി പെഗ്ഗ് വിലയ്ക്കാണ് മദ്യം വിറ്റിരുന്നതെന്നും കടയില്‍ വിനാഗിരി സൂക്ഷിച്ചിരുന്നതായും ഇവിടെനിന്ന് നല്‍കിയ മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ചുനല്‍കിയതിനാലാണ് യുവാവ് മരിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു.സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണമുയര്‍ന്ന കടയില്‍ പോലീസും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.