കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസകോശ അര്‍ബുദബാധിതനായി ഏറെനാള്‍ ഇബ്രാഹിം കുഞ്ഞ് ചികിത്സയിലായിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നാല് പ്രാവശ്യം നിയമസഭയിലേക്ക് എത്തിയ വ്യക്തി കൂടിയാണ് ഇബ്രാഹിം കുഞ്ഞ്. മട്ടാഞ്ചേരി മണ്ഡലത്തിലൂടെയാണ് നിയമസഭയിലേക്ക് എത്തിയത്. 2011 മുതല്‍ 2016 വരെ കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിയായിരുന്നു.എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാ‍ഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്‍റെ അവസാന എംഎല്‍എയും കളമശ്ശേരി മണ്ഡലത്തിന്‍റെ ആദ്യ എംഎല്‍എയുമാണ് വി കെ ഇബ്രാഹിംകുഞ്ഞ്. 2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. മുസ്‍ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായിരുന്നു.കൊച്ചിൻ ഇൻറർ നാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻറിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലൻറ് ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു, കേരള നിയമസഭയുടെ അഷൂറൻസ് കമ്മറ്റി ചെയർമാൻ, ചന്ദ്രിക പത്രത്തിൻറെ ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!