അബൂദബി: യുഎഇ മലയാളികളെ ദുഃഖത്തിലാഴ്ത്തി ദാരുണമായ വാഹനാപകടം. അബൂദബി-ദുബൈ റോഡിലുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരിയും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും, ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് അപകടത്തിൽ മരിച്ചത്.ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അബൂദബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്‌ദുൽ ലത്തീഫും ഭാര്യ റുക്സാനയും അബൂദബിയിലെ ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ യുഎഇയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.