തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ നിരാഹാര സമരത്തിൽ. ഇന്നലെ രാത്രി മുതലാണ് രാഹുൽ ഈശ്വർ നിരാഹാര സമരം ആരംഭിച്ചത്. വെള്ളം മാത്രം മതിയെന്നും ഭക്ഷണം വേണ്ടെന്നും രാഹുൽ ജയിൽ അധികൃതരെ അറിയിച്ചു. ഇന്നലെ ജയിലിലേക്ക് പോകുന്നതിന് മുൻപ് തന്നെ താൻ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. റിമാൻഡ് തടവുകാരെ പാർപ്പിക്കുന്ന ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. അതേസമയം സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വ‍ർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിൻ്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്.കേസിൽ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്.അതേസമയം, സൈബർ അധിക്ഷേപ കേസിൽ പ്രതിച്ചേർക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് സന്ദീപ് വാര്യർ പറയുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!