കൊല്ലം: അഞ്ചലിലെ കട്ട നിർമ്മാണ യൂണിറ്റിൽ അടുക്കിവെച്ചിരുന്ന കട്ടകളുടെ കൂമ്പാരം ഇടിഞ്ഞുവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ ഹൽദിവാറീ സ്വദേശിയായ ജിയാറുൾ (23) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.അഞ്ചൽ പാലമുക്കിലുള്ള കട്ട കമ്പനിക്കകത്ത് അടുക്കിവെച്ചിരുന്ന കട്ടകൾക്ക് തൊട്ടുതാഴെ ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി കട്ടക്കെട്ട് ജിയാറുളിന്റെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കട്ടകൾ മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ജിയാറുൾ. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.