അർജന്റീനിയൻ ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ലയണൽ മെസ്സിയും സംഘവും ഈ വിൻഡോയിൽ വരില്ല. എങ്കിലും മറ്റൊരു ഫിഫാ വിൻഡോയിൽ കളിക്കാനായി അവർ എത്തിയേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു.കേരളം മത്സരത്തിനായി സജ്ജമായില്ലെന്നാണ് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബറിൽ അംഗോളയിൽ മാത്രമാണ് അർജന്റീനയ്ക്ക് മത്സരമുള്ളതെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) വ്യക്തമാക്കിയിട്ടുണ്ട്. അർജന്റീനയുടെ വരവ് മാറ്റിവെച്ചതിന് പിന്നിൽ ഫിഫായിൽ നിന്നുള്ള അനുമതി ലഭിക്കാൻ നേരിട്ട കാലതാമസമാണെന്ന് സ്പോൺസർ പറയുന്നു.ആന്റോ അഗസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: “ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ എഎഫ്എയുമായുള്ള ചർച്ചയിൽ ധാരണയായി. കേരളത്തിൽ കളിക്കുന്നത് അടുത്ത വിൻഡോയിലായിരിക്കും. പ്രഖ്യാപനം ഉടൻ ഉണ്ടാകും.”നേരത്തെ, സ്പോൺസർമാരും സംസ്ഥാന സർക്കാരും ചേർന്ന് നവംബർ 17-ന് കേരളത്തിൽ മത്സരം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊച്ചിയിൽ വെച്ച് ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ, ഇന്ത്യയിൽ ഇത്തരമൊരു മത്സരത്തിനായി ഇറങ്ങുന്ന കാര്യം അർജന്റീനയുടെയോ ഓസ്ട്രേലിയയുടെയോ ഫുട്ബോൾ അസോസിയേഷനുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. മാർച്ചിൽ നടക്കുന്ന ഫിഫാ വിൻഡോയിൽ അർജന്റീന ഇന്ത്യയിലേക്ക് വന്നേക്കാമെന്ന് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഈ വിവരവും സ്ഥിരീകരിച്ചിട്ടില്ല