തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോഴിക്കോട് വടകര സ്വദേശിയായ ആസ്മിന (40) യുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ആസ്മിനയെ ആറ്റിങ്ങലിലെ ഗ്രീൻ ലൈൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ ജീവനക്കാരനായ ജോബി ജോർജാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് മരിച്ച ആസ്മിന. കഴിഞ്ഞ ദിവസമാണ് ഇവർ ആറ്റിങ്ങലിലെ ഗ്രീൻ ലൈൻ ലോഡ്ജിൽ മുറിയെടുത്തത്. ഒപ്പം ജോലി ചെയ്യുന്നവരോട് ആസ്മിന തന്റെ ഭാര്യയാണെന്നാണ് ജോബി പരിചയപ്പെടുത്തിയത്. ഒരാഴ്ച്ച മുമ്പാണ് ഈ ലോഡ്ജിൽ ജോബി ജോലിയിൽ പ്രവേശിച്ചത്.രാത്രി വൈകി ജോബിയെ കാണാൻ മറ്റൊരാൾ ആറ്റിങ്ങലിലെ ലോഡ്ജിൽ എത്തിയിരുന്നു. ഇന്നലെ രാവിലെയാണ് ആസ്മിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൈയിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഇന്നലെ രാവിലെ മുറി തുറന്ന് നോക്കിയ ജീവനക്കാരാണ് ആസ്മിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ കുപ്പികൊണ്ട് മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. ആസ്മിനയുടെ മൃതദേഹത്തിന് സമീപത്ത് നിന്നായി പൊട്ടിയ ഒരു മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജോബി ജോർജ് പുലർച്ചെ നാല് മണിക്ക് ലോഡ്ജിൽ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആറ്റിങ്ങൽ പൊലീസ്. രണ്ട് കുട്ടികളുടെ അമ്മയായ ആസ്മിനയുമായി ജോബി പരിചയത്തിലായിട്ട് കുറച്ച് കാലങ്ങളായി. എന്നാൽ ഇരുവരും തമ്മിൽ എന്താണ് പ്രശ്‌നമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മരണകാരണം കൃത്യമായി അറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.