മലപ്പുറം: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എം.പി. ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തിൽ കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പോലീസ് ലാത്തികൾ ഉപയോഗിച്ച് ‘കോൽക്കളി’ കളിക്കുന്നതുപോലെയാണ് പ്രവർത്തകരെ നേരിട്ടതെന്നും, സമരക്കാരുടെ തലയ്ക്ക് നോക്കിയാണ് പോലീസ് അടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. “ലാത്തിച്ചാർജ് നടത്തിയില്ലെന്ന് പോലീസുകാർക്ക് പറയാനാവില്ല. അവർ ലാത്തികൊണ്ട് കോൽക്കളി കളിക്കുകയാണ് ചെയ്തത്,” എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. പ്രതിഷേധിച്ച പ്രവർത്തകരുടെ തലയ്ക്ക് നേരെയാണ് ലാത്തികൾ പ്രയോഗിച്ചത്. ലാത്തികൾ തുടർച്ചയായി ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നും, “അവർ അടിച്ചില്ലെന്ന് പറഞ്ഞാൽ അത് ശരിയാകില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശബരിമല വിഷയത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണോ ഈ നടപടി എന്നും കുഞ്ഞാലിക്കുട്ടി സംശയം പ്രകടിപ്പിച്ചു. ശബരിമല വിഷയത്തിൽ യുഡിഎഫ് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുനമ്പം തീരത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.കോഴിക്കോട് പേരാമ്പ്രയിൽ വെച്ച് നടന്ന സംഘർഷത്തിലാണ് ഷാഫി പറമ്പിൽ എം.പി.ക്ക് പരിക്കേറ്റത്. മൂക്കിന് പരിക്കേറ്റ അദ്ദേഹത്തിന് തുടർന്ന് ശസ്ത്രക്രിയയും വേണ്ടിവന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ ഉൾപ്പെടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ, പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 692 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.ഗതാഗത തടസ്സം സൃഷ്ടിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് എഫ്.ഐ.ആറിൽ ചുമത്തിയിരിക്കുന്നത്.