ഇടുക്കി: ഇടുക്കി ജില്ലയിലെ ചക്കുപള്ളം പഞ്ചായത്തിന്‍റെ നടപടി ക്ഷീരകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിജനമായ പാറപ്പുറത്ത് ചാണകം ഉണക്കാൻ ഇട്ടതിന്‍റെ പേരിൽ പഞ്ചായത്ത് വലിയ തുക പിഴ ഈടാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ചെല്ലാർ കോവിൽ കുരുവിക്കാട്ടുപാറ പ്രദേശത്തെ കർഷകർക്കാണ് ചക്കുപള്ളം പഞ്ചായത്തിൽ നിന്ന് പിഴ അടയ്ക്കാൻ നോട്ടീസ് ലഭിച്ചത്.ചക്കുപള്ളം, വണ്ടൻമേട് എന്നീ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് കുരുവിക്കാട്ടുപാറ. വർഷങ്ങളായി, പ്രദേശത്തെ ക്ഷീരകർഷകർ കന്നുകാലികളിൽ നിന്നുള്ള ചാണകം പ്രകൃതിദത്തമായ രീതിയിൽ, പാറപ്പുറത്തെ തുറന്ന സ്ഥലത്ത് ഉണക്കിയെടുക്കുക പതിവാണ്. കന്നുകാലി വളർത്തൽ പ്രധാന ഉപജീവനമാർഗ്ഗമായ ഈ മേഖലയിൽ, ഈ രീതിക്കെതിരെ ഇതുവരെ ആരും പരാതി ഉന്നയിച്ചിരുന്നില്ല.എന്നാൽ, അടുത്തിടെ ഇവിടെയെത്തിയ ഒരാൾ ചാണകം ഉണക്കാനിട്ടതിന്‍റെ ചിത്രങ്ങൾ സഹിതം കളക്ടർക്ക് പരാതി നൽകിയതോടെയാണ് കാര്യങ്ങൾ മാറിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, ജില്ലാ എൻഫോഴ്‌സ്‌മെന്‍റ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർന്ന് നടപടിക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.സംസ്ഥാന സർക്കാരിന്‍റെയും ക്ഷീരവികസന വകുപ്പിൻ്റെയും വിവിധ അവാർഡുകൾ നേടിയിട്ടുള്ള ബിജു എന്ന കർഷകന് 10,000 രൂപയാണ് പിഴയടയ്ക്കാൻ നോട്ടീസ് ലഭിച്ചത്. ഇദ്ദേഹത്തിന് പുറമെ, സമീപത്തെ നിരവധി കർഷകർക്ക് 5,000 മുതൽ 10,000 രൂപ വരെ പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസുകളും ലഭിച്ചു.ജില്ലാ എൻഫോഴ്‌സ്‌മെന്‍റ് സ്ക്വാഡിന്‍റെ നിർദ്ദേശപ്രകാരമാണ് ഈ നടപടിയെന്നാണ് ചക്കുപള്ളം പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ഇതേ അറിയിപ്പ് ലഭിച്ച വണ്ടൻമേട് പഞ്ചായത്തിൽ, ഉണക്കാനിട്ട ചാണകം ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് മാത്രമാണ് കർഷകർക്ക് നൽകിയതെന്നും പിഴ ഈടാക്കിയിട്ടില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ ഇരട്ടത്താപ്പ് കർഷകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതും പരമ്പരാഗതവുമായ ഒരു രീതിക്ക് കനത്ത പിഴ ചുമത്തിയതിനെതിരെ നിയമപരമായും അല്ലാതെയും പ്രതിഷേധം ശക്തമാക്കാനാണ് ക്ഷീരകർഷകരുടെ തീരുമാനം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!