മലപ്പുറം: മലപ്പുറത്ത് മലമ്പനി പെരുകുന്നതായി റിപോർട്ട്. ഇന്നലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഉത്തർ പ്രദേശിൽ നിന്നെത്തിയ വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. പണി കൂടിയതോടെ ഇവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. 4 ദിവസം മുമ്പാണ് ഇവർ നാട്ടിലെത്തിയത്. പ്രദേശവാസികൾ ആശങ്കയിലാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച 17, 18 വാർഡുകളിൽ ഉൾപ്പെട്ട അമ്പലപ്പടി, പുല്ലൂർ, ഗവ. വിഎംസി സ്കൂൾ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കൽ ഭാഗങ്ങളിലെ വീടുകളിൽ വണ്ടൂർ, മമ്പാട്, തിരുവാലി, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആശാ വർക്കർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. വീടുകളിൽ മലമ്പനി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു.ചിരട്ടകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ വീട്ടുകാർക്ക് പരിഹാരമാർഗങ്ങൾ വിവരിച്ചു നൽകി. കൂടുതൽ ശ്രദ്ധ വേണ്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാണിച്ച് അതത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. അത്തരം സ്ഥലങ്ങളിൽ വീണ്ടും പരിശോധന ഉണ്ടാകും.മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ (Malaria). ചതുപ്പു പനി (Marsh Fever) എന്നും ഈ രോഗം അറിയപ്പെടുന്നു. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ മനുഷ്യൻറെ രക്തത്തിൽ പ്രവേശിക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്.വിറയലോട് കൂടിയ പനി, കുളിര്, തലവേദന, മേലുവേദന, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കി കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മസ്തിഷ്കം, കരൾ , വൃക്ക തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!