വണ്ടൂർ: കൂരാട് വരമ്പൻകല്ല് പാലത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് ജീവൻ നഷ്ടമായത്. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. കുഞ്ഞുമുഹമ്മദ് (70), മകൾ താഹിറ (46), മക്കൾ ഇരട്ടക്കുട്ടികളായ അഷ്മില്‍ (12), നഷ്മിൽ (12), മരുമകൻ പാണ്ടിക്കാട് സ്വദേശി ഇസ്ഹാഖ് (40), മകൾ ഷിഫ്ര (14) എന്നിവർക്കാണ് പരിക്കേറ്റത്. ആറ് പേരെയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. ചെല്ലക്കൊടിയിലെ വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ദൂരം ബാക്കിയുള്ളപ്പോഴാണ് കുടുംബത്തെ ദുരന്തം കവർന്നത്.പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ് കോളജിൽ ആക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെഉയരുന്നു അപകടം. പരിക്കേറ്റ താഹിറയുടെ മകൾ അൻഷിദ മൈസൂരുവിൽ നഴ്സിങ്ങിനു പഠിക്കുകയാണ്. കുടുംബാംഗങ്ങൾ അവിടെപോയി മടങ്ങുമ്പോഴാണ് അപകടം. ഇസ്ഹാഖ് ആണ് കാർ ഓടിച്ചിരുന്നത്. അപകട സമയത്ത് നല്ല മഴ ഉണ്ടായിരുന്നതായും പറയുന്നു. പാലം കഴിഞ്ഞ ഉടൻ എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള ഉങ്ങു മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു.വലിയ ശബദവും ബഹളവും കേട്ടാണ് സമീപവാസികൾ സ്ഥലത്തെത്തിയത്. ഉടൻ തന്നെ ഇവർ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വണ്ടൂർ പോലീസും ട്രോമാകെയർ പ്രവർത്തകരും എത്തി വിവിധ ആംബുലൻസുകളിൽ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. പെരിന്തൽമണ്ണയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മൈമൂനയുടെ മരണം സംഭവിച്ചത്.