തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെയാണെന്ന് ഫോറൻസിക് പരിശോധനയിലൂടെ പോലീസ് കണ്ടെത്തി. കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ നേരത്തെ അറസ്റ്റിലായിരുന്നു. ശ്രീതുവിനെ പാലക്കാടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിൽ സഹോദരിക്ക് പങ്കുള്ളതായി ഹരികുമാർ പൊലീസിനോട് പറഞ്ഞുവെങ്കിലും ശ്രീതു ഇത് നിഷേധിച്ചിരുന്നു. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിനും പങ്കുള്ളതായാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശ്രീതുവിനെ ഉടൻ കോടതിയിൽ ഹാജരാക്കും.2025 ജനുവരി 30-ന് പുലർച്ചെയാണ് ദേവേന്ദു എന്ന രണ്ടുവയസുകാരിയെ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ ഹരികുമാർ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു.ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജനുവരി 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാൻ ഹരികുമാർ വാട്‌സാപ്പിൽ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാൽ യുവതി തിരികെപ്പോയി. ഇത് ഹരികുമാറിനെ ചൊടിപ്പിച്ചിരുന്നുവെന്നും ഇതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്നാണ് അടുത്ത ദിവസം പുലർച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.മുൻപ് സാമ്പത്തിക തട്ടിപ്പ് കേസിലും ശ്രീതു അറസ്റ്റിലായിരുന്നു. ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പറഞ്ഞ് രതീഷ് എന്നയാളുടെ പരാതിയിലായിരുന്നു കേസ്. കളക്ടറേറ്റിൽ ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. ഈ കേസിൽ ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് അറസ്റ്റ്.