മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ 13കാരന് ക്രൂരമർദനം. കുട്ടിയുടെ സഹപാഠിയുടെ അച്ഛനാണ് മർദിച്ചത്. കുട്ടികൾ തമ്മിലുള്ള വഴക്കിനെ തുടർന്നായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ടു 13കാരൻ വീട്ടിലേക്ക് നടന്നു വരുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്ക് സംഭവിച്ചു. സംഭവത്തെ തുടർന്ന് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. കുട്ടിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.കുട്ടി റോഡിലൂടെ നടന്നുപോകുന്നതിനിടെ സഹപാഠിയുടെ പിതാവ് ബൈക്കിലെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കാലുപിടിച്ച് വലിച്ച് താഴെയിടുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയും ശ്വാസതടസ്സമുള്‍പ്പടെയുള്ളവ അനുഭവപ്പെടുകയുമായിരുന്നു.തുടർന്ന് കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ ചതവുകൾ ഉണ്ട്. പരാതിയെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാൽ ജാമ്യം ലഭിക്കാൻ സാധിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാം. നാട്ടുകാർ മർദ്ദനം തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.