കണ്ണൂർ: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണമാല മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ ധർമ്മടം നടുവിലത്തറ സ്വദേശിനി നടുവിലത്തറ എൻ. ആയിഷ (41) ആണ് പിടിയിലായത്. മാമാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽനിന്നു കഴിഞ്ഞ 12നാണ് ആയിഷ സ്വർണം മോഷ്ടിച്ചത്. 3 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് ആയിഷ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.സ്വർണമോതിരം വേണമെന്ന ആവശ്യവുമായാണ് ആയിഷ ജുവലറിയിലെത്തിയത്. ഈ സമയം മറ്റുജീവനക്കാരും സ്വർണം വാങ്ങാൻ ആളുകളും ഉണ്ടായിരുന്നു. ജീവനക്കാരി സ്വർണമോതിരങ്ങൾ കാണിക്കുന്നതിനിടെ മാലകളും വേണമെന്ന് ആയിഷ ആവശ്യപ്പെട്ടു. ഉടൻതന്നെ ജീവനക്കാരി മാലകൾ അടങ്ങിയ പെട്ടി ആയിഷയ്ക്ക് മുന്നിൽ വച്ചു. മോതിരങ്ങളും മാലകളും പരിശോധിച്ചെങ്കിലും ഇഷ്ടപ്പെട്ട മോഡൽ കിട്ടിയില്ലെന്ന് ആയിഷ ജീവനക്കാരിയോട് പറഞ്ഞു.തുടർന്ന് ആഭരണങ്ങൾ ഷോക്കേസിൽ വയ്ക്കുന്നതിനായി ജീവനക്കാരി തിരിയുന്നതിനിടെയാണ് ആരുടെയും കണ്ണിൽപ്പെടാതെ മാല ആയിഷ എടുത്തത്. എന്നാൽ ആയിഷയുടെ തലയ്ക്കുമുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ എല്ലാം പതിഞ്ഞു. ഇവർ അവർ ശ്രദ്ധിച്ചുമില്ല. കണക്ക് പരിശോധിക്കുന്നതിനിടെയാണ് മാല നഷ്ടമായ വിവരം ജുവലറി ഉടമയും ജീവനക്കാരും അറിയുന്നത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ടെത്തിയത്.ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ വീട്ടിൽനിന്നും യുവതിയെ പിടികൂടിയത്. എന്നാൽ, മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ വിറ്റുവെന്നാണ് ആയിഷ മൊഴി നൽകിയത്. പിന്നീട് വടകരയിലെ ജ്വല്ലറിയിലെത്തി മാല പൊലീസ് കണ്ടെടുത്തു. പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!