കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം സ്വീകരിക്കാത്ത സംഭവത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരണമറിയിച്ചു. സുരേഷ് ഗോപി എന്തിനാണ് അത്തരത്തിൽ പെരുമാറിയതെന്നോ, നിവേദനം സ്വീകരിക്കാത്തതെന്നോ തനിക്ക് അറിയില്ലെന്നും, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ വിഷയത്തിന്റെ സാഹചര്യം തനിക്കറിയില്ലെന്നും, എന്നാൽ ജനങ്ങൾക്ക് പരാതികളുണ്ടെങ്കിൽ അത് സമർപ്പിക്കാൻ ബി.ജെ.പി. എല്ലാ ജില്ലകളിലും ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മറ്റൊരു വിഷയമായ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് സംസാരിക്കവെ, അത് ഒരു രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളെ എതിർക്കുന്ന നേതാക്കളെ മുഖ്യാതിഥികളായി ക്ഷണിക്കുന്നതിനോടാണ് ബി.ജെ.പിക്ക് എതിർപ്പുള്ളതെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ സുഹൃത്തായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് ചിലർ വിശ്വാസികളായി മാറാൻ ശ്രമിക്കുന്നതെന്നും, ജനങ്ങൾക്ക് ഇതൊക്കെ രാഷ്ട്രീയ നാടകമാണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൃശൂർ പുളളിലെ കലുങ്ക് സൗഹൃദ സദസ്സിൽ വച്ച് വയോധികൻ നൽകിയ നിവേദനം സ്വീകരിക്കാഞ്ഞത് ഒരു കൈപ്പിഴയായിരുന്നെന്ന് സുരേഷ് ഗോപി പിന്നീട് വ്യക്തമാക്കിയിരുന്നു. തന്റെ കലുങ്ക് സൗഹൃദ സംവാദത്തിന്റ പ്രാധാന്യം കുറയ്ക്കാൻ ചിലർ ശ്രമിക്കുന്നെന്നും, അത്തരം ശ്രമങ്ങൾക്കൊണ്ട് തന്റെ പോരാട്ടത്തിന്റെ തീവ്രത കെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ഇതിനു പിന്നാലെ കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് സൗഹൃദ സദസ്സിൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായം തേടിയെത്തിയ ആനന്ദവല്ലി എന്ന വയോധികയോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം വീണ്ടും വിവാദങ്ങൾക്കിടയാക്കി. ‘കൂടുതൽ സംസാരിക്കാതെ, നിങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കാൻ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്ന് സുരേഷ് ഗോപി പരിഹസിച്ചു. തുടർന്ന്, ആനന്ദവല്ലി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാൻ തനിക്ക് കഴിയില്ലെന്ന് പറഞ്ഞപ്പോൾ, ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് അദ്ദേഹം മറുപടി നൽകി.വയോധിക ‘നിങ്ങൾ ഞങ്ങളുടെ മന്ത്രിയല്ലേ’ എന്ന് ചോദിച്ചപ്പോൾ, സുരേഷ് ഗോപി ‘ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്’ എന്ന് മറുപടി പറഞ്ഞു. തനിക്ക് ഈ വിഷയത്തിൽ കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്നും, മറുപടി പറഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!