ജയ്പുർ: വിവാഹമോചിതയായ യുവതി 600 കിലോമീറ്റർ അകലെയുള്ള കാമുകനെ കാണാൻ കാർ ഓടിച്ചെത്തി. തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചു. തലയ്ക്കടിച്ച് കൊലപ്പെടുത്തി കാമുകൻ. രാജസ്ഥാനിലെ ജുൻജുനുവിലെ മുപ്പത്തിയേഴുകാരിയായ മുകേഷ് കുമാരിയാണ് കൊല്ലപ്പെട്ടത്. ഇരുമ്പു വടി ഉപയോഗിച്ച് സ്കൂൾ അധ്യാപകനായ കാമുകൻ മനാറാം ആണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.അങ്കണവാടി സൂപ്പർവൈസറായ മുകേഷ് കുമാരി നേരത്തെ വിവാഹ മോചനം നേടിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ, ബാർമറിലെ സ്കൂൾ അധ്യാപകനായ മനാറാമുമായി ഇവർ ഫെയ്സ്ബുക്ക് വഴി പരിചയത്തിലായി. ഇരുവരും ചാറ്റിങ്ങിലൂടെ പ്രണയത്തിലാവുകയും പിന്നീട് പരസ്പരം കാണുകയും ചെയ്തു. മുകേഷ് കുമാരി പലപ്പോഴും ജുൻജുനുവിൽ നിന്ന് ബാർമറിലേക്ക് കാറിൽ മനാറാമിനെ കാണാൻ എത്തുമായിരുന്നു. മുകേഷിന് വിവാഹമോചനം ലഭിച്ചപ്പോൾ, മനാറാമിന്റെ വിവാഹമോചന കേസ് കോടതിയിൽ പരിഗണനയിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മുകേഷ് മനാറാമിനെ സമ്മർദത്തിലാക്കിയത് പലപ്പോഴും വഴക്കുകൾക്ക് കാരണമായെന്നും പൊലീസ് പറയുന്നു.സെപ്റ്റംബർ 10 ന്, മുകേഷ് തന്റെ കാറിൽ ജുൻജുനുവിൽ നിന്ന് മനാറാമിന്റെ ഗ്രാമത്തിലേക്ക് പോയി. സമീപവാസികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മനാറാമിന്റെ വീട്ടിലെത്തി, കുടുംബാംഗങ്ങളോട് അവരുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞു. ഇത് മനാറാമിനെ പ്രകോപിപ്പിക്കുയും വഴക്കുണ്ടാവുകയും ചെയ്തു. വീട്ടിൽ എത്തിയ പൊലീസുകാർ പ്രശ്നം പരിഹരിക്കാൻ ഇരുവരോടും ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് സംഭവസ്ഥലത്ത് നിന്നും മടങ്ങിയത്. മുകേഷിനോട് മനസ്സ് തുറന്നു സംസാരിക്കാമെന്നായിരുന്നു മനാറാമിന്റെ ഉറപ്പ്.അന്ന് വൈകിട്ട് ഇരുവരും സംസാരിക്കുന്നതിനിടെയാണ് മുകേഷിന്റെ തലയിൽ മനാറാം ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കാറിന്റെ ഡ്രൈവിങ് സീറ്റിൽ കിടത്തി അപകടമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു മനാറാമിന്റെ ശ്രമം. ഇതിനുശേഷം മുറിയിലേക്ക് മടങ്ങിയ മനാറാം സുഖമായി ഉറങ്ങി. ആദ്യം അപകട മരണമാണെന്നാണ് പൊലീസ് സംശയിച്ചതെങ്കിലും പിന്നീട് നടന്ന അന്വേഷണത്തിൽ മരണസമയത്ത് മനാറാമിന്റെയും മുകേഷിന്റെയും ഫോൺ ലൊക്കേഷനുകൾ ഒരിടത്ത് ആയിരുന്നുവെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, മനാറാമിനു പിടിച്ചുനിൽക്കാനായില്ല. മുകേഷിന്റെ മൃതദേഹം ഇപ്പോൾ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!