കർണാടകയിലെ കുന്ദാപുരയിൽ ഹണിട്രാപ്പിൽ കുടുക്കി മലയാളി യുവാവിനെ ഭീഷണിപ്പെടുത്തി പണവും എ.ടി.എം. കാർഡും കവർന്നു. സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ ആറ് പേരെ കുന്ദാപുര പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ 37-കാരനാണ് തട്ടിപ്പിന് ഇരയായത്.ഫോൺ വഴി പരിചയപ്പെട്ട ഒരു സ്ത്രീയുമായി സംസാരിക്കുന്നതിനിടെയാണ് യുവാവ് ഈ കെണിയിൽ വീഴുന്നത്. നേരിൽ കാണാമെന്ന യുവതിയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച ഇവർ കുന്ദാപുരയിലെ ഒരു പെട്രോൾ പമ്പിന് സമീപം വെച്ച് കണ്ടു. തുടർന്ന് യുവതി യുവാവിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ഈ സംഘത്തിലെ മറ്റ് പ്രതികൾ എത്തുകയും യുവാവിനെ ബന്ദിയാക്കുകയും ചെയ്തു.ക്രൂരമായ മർദ്ദനത്തിനൊടുവിൽ ഇവർ യുവാവിനോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ കെട്ടിയിട്ട് വീണ്ടും മർദ്ദിച്ചു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന 6,200 രൂപയും യുപിഐ വഴി അക്കൗണ്ടിൽനിന്ന് 30,000 രൂപയും തട്ടിയെടുത്തു. കൂടാതെ, എ.ടി.എം. കാർഡ് കൈക്കലാക്കി അതിൽനിന്ന് 40,000 രൂപയും പിൻവലിച്ചു. പണം മുഴുവൻ കൈക്കലാക്കിയ ശേഷമാണ് പ്രതികൾ യുവാവിനെ മോചിപ്പിച്ചത്.സംഭവത്തെ തുടർന്ന് കുന്ദാപുര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആറ് പ്രതികൾ പിടിയിലായത്. ബൈന്ദൂർ സ്വദേശി സവാദ്(28), ഗുൽവാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂർ സ്വദേശി മുഹമ്മദ് നാസിർ ഷരീഫ്(36), അബ്ദുൾ സത്താർ(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുൾ അസീസ്(26) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകൽ, കവർച്ച, മർദ്ദനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർ ഉപയോഗിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!