കണ്ണൂര്‍: വളപട്ടണം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്കനെ കണ്ടെത്താനായില്ല. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാപ്പിനിശ്ശേരി കീച്ചേരി പാമ്പാല സ്വദേശി സി പി ഗോപിനാഥന്‍ (63) ആണ് പുഴയിലേക്ക് എടുത്ത് ചാടിയത്. വീട്ടുകാരെ തള്ളിമാറ്റിയ ശേഷം ഇദ്ദേഹം പാലത്തിൽ നിന്ന് താഴേക്ക് എടുത്ത് ചാടുകയായിരുന്നു. സ്ഥലത്ത് പോലീസും അഗ്നിരക്ഷാസേനയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.വ്യാഴാഴ്ച്ച വൈകീട്ട് 3.45ഓടെയായിരുന്നു സംഭവം. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഗോപിനാഥന്‍ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയത്. ആരോഗ്യസംബന്ധമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തിലെ ഗതാഗതക്കുരുക്കിനിടെ ഛര്‍ദിക്കണമെന്ന് പറഞ്ഞ് ഗോപിനാഥന്‍ കാറില്‍ നിന്ന് ഇറങ്ങി. ഭാര്യയും മകളും ഒപ്പം ഇറങ്ങിയിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ അവരെ തള്ളിമാറ്റിയ ഗോപിനാഥന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ബന്ധുക്കള്‍ ബഹളമുണ്ടാക്കുന്നത് കേട്ട നാട്ടുകാര്‍ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വളപട്ടണം പോലീസും കണ്ണൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും തീരദേശ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മേഖലയിൽ മഴ തുടരുന്നതും പുഴയിലെ ഒഴുക്ക് വർധിച്ചതും തിരച്ചിലിന് വെല്ലുവിളി സൃഷ്ടിച്ചു.