ചേര്‍ത്തല: ആലപ്പുഴയിൽ കിടപ്പുരോഗിയായ അച്ഛന് ക്രൂര മർദ്ദനം. മദ്യ ലഹരിയിലെത്തിയ മകനാണ് അച്ഛനെ മർദിച്ചത്. സംഭവത്തിന്റെ വീഡിയോ പകർത്തി പ്രചരിപ്പിച്ച ഇരട്ട സഹോദരനും പിടിയിലായി. വയോധികനെ മർദിക്കുന്നതിന്റെ വിഡിയോ പകർത്തിയത് ഇരട്ട സഹോദരനാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മദ്യപിച്ചെത്തി വയോധികനെ ഇതിനുമുൻപും മർദിച്ചിട്ടുണ്ട്. ഇരട്ടസഹോദരങ്ങളായ പട്ടണക്കാട് പഞ്ചായത്ത് എട്ടാംവാര്‍ഡ് ചന്ദ്രനിവാസില്‍ അഖില്‍ ചന്ദ്രൻ (31), നിഖില്‍ ചന്ദ്രൻ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായ പിതാവ് ചന്ദ്രശേഖരന്‍ നായരെ (73) ആണ് മർദിച്ചത്. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇരുവരും മാതാവിന്‍റെ മുന്നില്‍വെച്ചാണ് മർദിച്ചത്. പിതാവിനെ അഖിൽ വലിച്ചിഴക്കുകയും തലയില്‍ ഇടിക്കുകയും ചെയ്തു. പ്രാണഭയത്താല്‍ ഒന്നും ശബ്ദിക്കാനാകാത്ത നിലയിലായിരുന്നു ദമ്പതികൾ. നിഖിലാണ് മൊബൈലില്‍ പകര്‍ത്തിയത്.കട്ടിലിൽ ഇരുന്നുകൊണ്ട് അഖിൽ കൈയിൽ ധരിച്ചിരുന്ന സ്റ്റീൽ വളകൊണ്ട് തലക്ക് പിന്നിൽ അടിക്കുന്നതും അനങ്ങാൻ പറ്റാത്ത രീതിയിൽ ഇരുകൈയിലും പിടിച്ച് തിരിക്കുന്നതും കഴുത്തിൽ പിടിച്ച് തിരിച്ച് വേദനിപ്പിക്കുന്നതും ദൃശ്യത്തിലുണ്ട്. അച്ഛനെ ദേഹോപദ്രവം ചെയ്യുന്നതുകണ്ട് അതിൽനിന്ന് പിന്തിരിപ്പിക്കാതെ വിഡിയോ എടുത്ത കേസിലാണ് നിഖിലിനെതിരെ കേസെടുത്തത്. മർദിക്കുന്നതിനിടെ ഇരുവരും സന്തോഷം പങ്കുവെക്കുന്നതും ദൃശ്യത്തിലുണ്ട്വിവരമറിഞ്ഞ് മറ്റു മക്കളായ പ്രവീണും സൂരജും ചേര്‍ന്ന് പിന്നീട് പട്ടണക്കാട് പൊലീസില്‍ പരാതി നൽകി. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. അഖിലും നിഖിലും സ്വകാര്യ ബാങ്കില്‍ താൽക്കാലിക ജീവനക്കാരാണ്. ഇവര്‍ മദ്യപിച്ചതിനുശേഷം പിതാവിനെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പിതാവിനെ മർദിച്ചതിന് മുമ്പും ഇവർക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.ക്ഷമ പറയണമെന്ന് പറഞ്ഞാണ് മകൻ പിതാവിനെ ഉപദ്രവിച്ചതെന്ന് ‘അമ്മ പറയുന്നു. മദ്യലഹരിയിലെത്തി ഇരുവരും അച്ഛനെ ഉപദ്രവിക്കാറുണ്ടെന്ന് പ്രവീണും സൂരജും പറയുന്നു. കേസെടുത്ത വിവരമറിഞ്ഞ് അഖിലും നിഖിലും ഒളിവില്‍ പോയെങ്കിലും രാത്രിയോടെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ മദ്യ ലഹരിയിലാണ് അച്ഛനെ മർദിച്ചതെന്ന് അഖിൽ പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.