കണ്ണൂർ: കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിത(22)യെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആസൂത്രിതമായാണ് യുവതിയെ കാമുകൻ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ചാർജറിലാണ് ഡിറ്റണേറ്റർ കണക്ട് ചെയ്ത് അത് വായിൽ തിരുകിവെച്ചാണ് പ്രതി സിദ്ധരാജു കാമുകിയെ കൊലപ്പെടുത്തിയത്. ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇയാളുടെ ശ്രമം.ദർഷിതയുടെ ഭർത്താവ് ​ഗൾഫിലാണ്. നിരവധി തവണ ദർഷിതയിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് സിദ്ധരാജു പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ഭർത്താവിനൊപ്പം ഗൾഫിലേക്ക് പോകാൻ യുവതി തീരുമാനിച്ചിരുന്നു. താൻ ​ഗൾഫിലേക്ക് പോകും മുമ്പ് കടംനൽകിയ പണമെല്ലാം തിരികെ വേണമെന്ന് യുവതി സിദ്ധരാജുവിനോട് പറഞ്ഞിരുന്നു. ഇതും യുവാവിന്റെ മനസ്സിൽ പകയായി. ഇതോടെയാണ് കാമുകിയെകൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ് ഇയാൾ വെളിപ്പെടുത്തിയത്.അതേസമയം കാണാതായ സ്വർണവും പണവും സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. കല്യാട്ടെ ഭർത്താവിന്റെ വീട്ടിൽനിന്നും 30 പവൻ സ്വർണവും നാലു ലക്ഷം രൂപയുമായാണ് യുവതി കർണാടകയിലേക്ക് പോയതെന്നാണ് നി​ഗമനം. മരുമകൾ സ്വർണവും പണവുമായി കടന്നുകളയുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് ഭർത്താവിന്റെ അമ്മ പറയുന്നു. നാലു ലക്ഷം രൂപയും 30പവൻ സ്വർണവുമാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് മോഷണം പോയവിവരം അറിയുന്നത്.വീടുപൂട്ടി പോയത് ദർഷിതയാണ്. തിരിച്ചുവന്ന അമ്മായിയമ്മ മുറിയുടെ താക്കോൽ കാണാതെ അന്വേഷിച്ചപ്പോഴാണ് പണവും സ്വർണവും മോഷണം പോയതായി അറിയുന്നത്. അപ്പോൾ തന്നെ ദർഷിതയെ വിളിച്ചെന്നും രണ്ടുമൂന്നു തവണ വിളിച്ചപ്പോൾ ഫോണെടുത്തെന്നും രണ്ടു ദിവസം കഴിഞ്ഞു വരാമെന്നും പറഞ്ഞു. ദർഷിത ഫോണെടുത്തപ്പോൾ മറ്റാരോടോ സംസാരിക്കുന്നത് കേൾക്കാമായിരുന്നെന്നും ഇവർ പറയുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോണെടുത്തത് ഒരു പുരുഷനായിരുന്നുവെന്നും അപ്പു എന്ന് പറയുന്ന പോലെ തോന്നിയെന്നും വീട്ടുകാർ പറയുന്നു.ഈ കുടുംബത്തിന് സിദ്ധരാജുവിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ദർഷിതയുടെ സംസ്കാരം കർണാടകയിലാകും നടക്കുക. ഇയാളെ ഇരിക്കൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും ഇവിടത്തെ ബാക്കി നടപടികൾ. ഹാർഡ്‍‌വെയർ ഷോപ്പിലെ ജീവനക്കാരനായ സിദ്ധരാജു കർണാടക പെരിയപട്ടണം സ്വദേശിയാണ്. ഹൊൻസൂർ സ്വദേശിയാണ് ദർഷിത. മകളെ വീട്ടിൽ നിർത്തിയ ശേഷമാണ് സാലിഗ്രാമത്തിലെ ലോഡ്ജിലേക്ക് പോയത്. ഇതിനുമുൻപും പലതവണ സിദ്ധരാജു ദർഷിതയുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നെന്നും പ്രതി പൊലീസിനു മൊഴി നൽകി.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാലുലക്ഷം രൂപയും കവർച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകൻ സൂരജ് ജോലിക്കും, മരുമകൾ ദർഷിത കുട്ടിക്കൊപ്പം കർണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. ദർഷിത തന്നെയാകാം സ്വർണം കവർന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം. കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർഷിത ആൺസുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!