കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പത് വയസുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ഇന്ന് പനി സര്‍വേ നടത്തും. കുട്ടിയുടെ രണ്ട് സഹോദരങ്ങളെയും അച്ഛന്‍റെ സഹോദരനെയും ഒരു സഹപാഠിയെയും പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ പനി ബാധിച്ച് മരിച്ചത്. മരണ കാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വരാൻ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും.അതേസമയം പനി ബാധിച്ച് മരിച്ച കുട്ടിക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. പനി കൂടിയതോടെ ആദ്യം കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ലാബ് പരിശോധന ഫലങ്ങളും പുറത്തു വന്ന ശേഷം മാത്രമേ എന്താണ് മരണ കാരണം എന്നത് സംബന്ധിച്ച് വ്യക്തത വരികയുള്ളു.