തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നേമം കല്ലിയൂരിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുരിവിക്കാട് സ്വദേശി ബിൻസി(35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുനിൽ മദ്യലഹരിയിലായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. സംശയത്തെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.ഫോണിൽ ബിൻസി ആരോടോ സംസാരിച്ചിരുന്നു, ഇതിൽ പ്രകോപിതനായ സുനിൽ ബിൻസിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ബിൻസിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഇവർക്ക് രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കുട്ടികളുണ്ട്. ഇരുവരും തമ്മിൽ മിക്കപ്പോഴും വഴക്കുണ്ടാകാറുള്ളതായി അയൽക്കാർ പറഞ്ഞു. പ്രതി കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണത്തിൽ വ്യക്തത വരേണ്ടതുണ്ട്.