തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന പൊതുജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് മന്ത്രിയുടെ ഈ നീക്കം.പഠനം കുട്ടികൾക്ക് ഒരു ഭാരമായി തോന്നാതിരിക്കാനും കൂടുതൽ സന്തോഷകരമായ അനുഭവമാക്കി മാറ്റാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള പ്രായോഗികമായ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടിക്കൊണ്ട് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. ഈ വിഷയത്തിൽ എല്ലാവരുടെയും ക്രിയാത്മകമായ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.