കേരളത്തിലെ നിരത്തുകളിലും കർണാടകയുടെ സൂപ്പർ ലക്ഷ്വറി ബസുകളോടും. അംബാരി ഉത്സവ് സീരിസിലുള്ള വോൾവോ സ്ലീപ്പർ ബസുകൾ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്കു പുതിയ ബസ് നൽകുമെന്ന് അധികൃതർ പറഞ്ഞു. ബെംഗളൂരു–എറണാകുളം റൂട്ടിൽ മാത്രമാണു അംബാരി ഡ്രീം ക്ലാസ് ഒാടിക്കുന്നത്. വൈകാതെ മൈസുരു–എറണാകുളം റൂട്ടിലും അംബാരി ഡ്രീം ക്ലാസ് സർവീസ് ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിലേക്കു പുതിയ നോൺ എസി സർവീസുകളും പരിഗണിക്കുന്നുണ്ട്.കേരളത്തിലേക്കു പുതിയ 2 സർവീസുകൾക്കായി പെർമിറ്റ് അപേക്ഷ നൽകിയിട്ടുണ്ടെന്നും തമിഴ്നാടിന്റെ അനുമതി ലഭിച്ചാൽ പത്തനംതിട്ട–ബെംഗളൂരു, തിരുവനന്തപുരം–ബെംഗളൂരു (നാഗർകോവിൽ, മധുര വഴി) സർവീസുകൾ ഉടൻ ആരംഭിക്കുമെന്നു കേരള ലെയ്സൺ ഒാഫിസർ ജി.പ്രശാന്ത് പറഞ്ഞു. കരാർ ചർച്ചകൾക്കായി കർണാടക, തമിഴ്നാടിനു കത്തു നൽകിയിട്ടുണ്ട്.