കോഴിക്കോട്: തുടർച്ചയായ രണ്ടാം ദിവസവും നാദാപുരത്ത് അതിശക്തമായ കാറ്റിനെത്തുടർന്ന് വ്യാപകം നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്. നാദാപുരം ടൗണിനോട് ചേര്‍ന്ന് സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു. ന്യൂക്ലിയസ് ഹോസ്പിറ്റല്‍ പരിസരത്തായിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. വ്യാഴാഴ്ചയുണ്ടായ ചുഴലിക്കാറ്റിന് സമാനമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നും നാശനഷ്ടങ്ങളുണ്ടായത്. തുടര്‍ച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്.ഇന്നലെ വീശിയ ശക്തമായ കാറ്റിൽ. നാദാപുരം പുളിയാവിൽ ചെറുവാതുക്കല്‍ മഹ്‌മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. സമീപത്ത് താമസിക്കുന്ന അന്ത്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകര്‍ന്ന നിലയിലാണ്. പാലക്കൂല്‍ സമീറിന്റെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ആവുക്കല്‍ പറമ്പിലെ നിരവധി വീടുകള്‍ക്കും സമാന രീതിയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. പല വീടുകളിലും കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈന്‍ മരം വീണ് തകര്‍ന്ന നിലയിലാണ്.