തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പ്രധാന ജില്ലാ ജയിലുകളായ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിലവിൽ സൂപ്രണ്ടുമാരില്ല. ഒരു മാസത്തിലേറെയായി ഈ ഒഴിവുകൾ നികത്താത്തത് ജയിൽ ഭരണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ തസ്തികകളിലേക്കുള്ള നിയമന ഫയൽ ജൂൺ 19 മുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിലാണെങ്കിലും ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഈ രണ്ട് തസ്തികകളും പ്രമോഷൻ വഴിയുള്ള നിയമനങ്ങളാണ്. നിലവിൽ ഈ ജയിലുകളിൽ സൂപ്രണ്ടിന്റെ അധിക ചുമതല മാത്രമാണ് മറ്റു ഉദ്യോഗസ്ഥർ നിർവഹിക്കുന്നത്.ഇത്തരം സുപ്രധാന തസ്തികകൾ ഒരേസമയം ഒഴിഞ്ഞുകിടക്കുന്നത് അസാധാരണമാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊടുംകുറ്റവാളി ജയിൽ ചാടിയ സംഭവം സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകൾ ചർച്ച ചെയ്യുന്നതിനിടെയാണ് ഈ വിവരം പുറത്തുവരുന്നത്.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ജയിൽ ചാടിയത്. തളാപ്പിലെ ഒരു ആളൊഴിഞ്ഞ സ്ഥലത്തുള്ള കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ രാവിലെ പത്തുമണിയോടെ പോലീസ് കണ്ടെത്തുകയായിരുന്നു.ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, പുലർച്ചെ ഒന്നേകാലിന് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്തിറങ്ങി ക്വാറന്റൈൻ ബ്ലോക്കിലൂടെ നടന്ന് മതിലിനടുത്തെത്തി. തുടർന്ന് തുണികൾ ഉപയോഗിച്ച് ഒരു കയർ നിർമ്മിച്ച് അത് മതിലിന് മുകളിലുള്ള ഫെൻസിംഗിലേക്ക് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ മതിലിൽ തൂങ്ങിക്കിടന്ന കയർ കണ്ടതിനെത്തുടർന്നാണ് ജയിൽ അധികൃതർ ഇയാളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!