ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന സുവിശേഷകൻ കെ.എ പോളിന്റെ അവകാശവാദം തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. കെഎ പോൾ പറഞ്ഞതെല്ലാം നുണയാണെന്ന് അബ്ദുൽ ഫത്താഹ് മെഹ്‌ദി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തന്റെ സഹോദരന്റെ ജീവൻ നഷ്ടപെട്ട കേസിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും വധശിക്ഷ നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്നും മെഹ്‌ദി കുറിച്ചു.കഴിഞ്ഞ ദിവസമാണ് ഇവഞ്ചലിസ്റ്റും ഗോബൽ പീസ് ഇനീഷ്യേറ്റീവ് സംഘടനയുടെ സ്ഥാപകനുമായ ഡോ. കെ എ പോൾ നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന് വ്യക്തമാക്കി സമൂഹമാധ്യമമായ എക്‌സിൽ വീഡിയോ പങ്കുവച്ചത്. യെമനിലെയും ഇന്ത്യയിലെയും വിവിധ നേതാക്കളുടെ ഇടപെടലുകളാണ് ഈ അനുകൂല തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. നിമിഷപ്രിയ ഉടൻ മോചിതയാവുകയും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. പോൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഡോ. പോൾ നന്ദി രേഖപ്പെടുത്തി.വിവിധ ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്ത് വന്നത്. കേന്ദ്രസർക്കാരും നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളിയിരുന്നു. കേസിൽ കൂടുതൽ നീക്കങ്ങൾ നടന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഔദ്യോഗികമായുള്ള വിവരങ്ങൾ വന്നിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അവകാശവാദം വ്യാജമാണെന്ന് യെമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമും പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!