മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് മസ്കറ്റിൽ നിന്നെത്തിയ യുവതിയിൽ നിന്ന് ഒരു കിലോയോളം വരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ, മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. എന്നാൽ, കേസ് അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ വ്യക്തമാക്കി.ഈ മാസം 16-നാണ് പത്തനംതിട്ട വാഴമുട്ടം നെല്ലിവയൽ സ്വദേശിനി സൂര്യ ഒമാനിലേക്ക് പോയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കരിപ്പൂരിൽ തിരിച്ചെത്തിയപ്പോഴാണ് ഇവരിൽ നിന്ന് 950 ഗ്രാമിലധികം എംഡിഎംഎ കരിപ്പൂർ പോലീസ് പിടികൂടിയത്. മിഠായി കവറുകളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.സൂര്യക്ക് മയക്കുമരുന്ന് കൈമാറിയവരെക്കുറിച്ചും ഇത് ആർക്കുവേണ്ടി കൊണ്ടുവന്നു എന്നതിനെക്കുറിച്ചും പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 50 ലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് മേധാവി അറിയിച്ചു.ജോലി അന്വേഷിച്ചാണ് ഒമാനിലേക്ക് പോയതെന്നാണ് സൂര്യ പോലീസിന് നൽകിയ മൊഴി. എന്നാൽ, ഈ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കൊണ്ടുവന്നത് ലഹരിവസ്തുവാണെന്ന് സൂര്യക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് നിഗമനം. സൂര്യയുടെ മുൻകാല യാത്രാവിവരങ്ങളും ഒമാനിൽ മുമ്പ് ജോലി ചെയ്തിരുന്നോ എന്നതടക്കമുള്ള വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.നേരത്തെ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ആശിഖിന്റെ വീട്ടിൽ നിന്ന് ഒന്നര കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഇതും ഒമാനിൽ നിന്നാണ് എത്തിയത്. എന്നാൽ, ഈ രണ്ട് കേസുകളിലെയും മയക്കുമരുന്നിന്റെ ഉറവിടം ഒന്നുതന്നെയാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ ഈ കേസിൽ പിടിയിലായ സൂര്യയുൾപ്പെടെ നാല് പേരും ഇതിന് മുൻപ് ലഹരികേസുകളിൽ ഉൾപ്പെട്ടവരല്ല എന്നും വിശ്വനാഥ് കൂട്ടിച്ചേർത്തു. വിമാനത്താവളം വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാൻ നിരീക്ഷണവും പരിശോധനയും ശക്തമായി തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.കരിപ്പൂർ എംഡിഎംഎ കേസിൽ ഉൾപ്പെട്ട പ്രതികളെ കാത്തിരിക്കുന്നത് പത്ത് വർഷത്തിൽ കുറയാത്ത കഠിന തടവ് ശിക്ഷയാണ്. കൂടാതെ, ഇത്തരം കേസുകളിൽപ്പെടുന്ന പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും (അച്ഛൻ, അമ്മ, ജീവിതപങ്കാളി, സഹോദരങ്ങൾ, ജീവിതപങ്കാളിയുടെ സഹോദരങ്ങൾ, സഹായികൾ, കേസുകൾ കൈകാര്യം ചെയ്യുന്നവർ) കഴിഞ്ഞ ആറ് വർഷത്തിനിടെ സമ്പാദിച്ച എല്ലാ സ്വത്തുക്കളും അന്വേഷണവിധേയമായി മരവിപ്പിക്കാൻ നിയമമുണ്ട്. ആവശ്യമെങ്കിൽ ഈ സ്വത്തുക്കളും കണ്ടുകെട്ടാവുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച വിവരങ്ങൾ ചെന്നൈയിലെ അതോറിറ്റിക്ക് സമർപ്പിക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!