കോഴിക്കോട്: സ്കൂൾ സമയമാറ്റം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് മുന്നിൽ ബദൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമസ്ത. രാവിലെ പതിനഞ്ച് മിനിറ്റ് മുന്നേ ക്ലാസ് തുടങ്ങുന്നത് അം​ഗീകരിക്കാനാകില്ലെന്നും ഇത് മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കും എന്നുമാണ് സമസ്ത ചൂണ്ടിക്കാട്ടുന്നത്. ഇതിനു പകരം വൈകിട്ട് അര മണിക്കൂർ കൂടുതൽ പഠിപ്പിക്കാമെന്നതാണ് സമസ്ത മുന്നോട്ടുവെക്കുന്ന പ്രധാന നിർദ്ദേശം. ഇന്നലെ ചേർന്ന സമസ്ത ഏകോപന സമിതിയിലാണ് സർക്കാരിന് മുന്നിൽ സമർപ്പിക്കാനുള്ള ബദൽ നിർദ്ദേശങ്ങൾ ഉയർന്നത്.സ്കൂൾ സമയമാറ്റത്തിലെ അധിക അരമണിക്കൂർ വൈകിട്ടത്തേക്ക് മാറ്റുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നാണ് സമസ്തയുടെ നിലപാട്. ഇതു കൂടാതെ പാദ വാർഷിക അർധ വാർഷിക, മധ്യവേനലവധികൾ കുറച്ച് അധ്യയന സമയം കൂട്ടാാമെന്നും സമസ്ത നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളുടെ അധ്യയന രീതി കൂടി പരിഗണിക്കാമെന്നും സമസ്ത വ്യക്തമാക്കുന്നു. വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ സമസ്ത ഇവയുൾപ്പെടെയുള്ള നിർദേശങ്ങൾ അറിയിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ട് വിളിച്ചാണ് ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. എങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും തീരുമാനം അവരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ചർച്ചയെന്നും മന്ത്രി പറഞ്ഞു. എന്നാൽ സമയമാറ്റവുമായി ഒരു നിലക്കും യോജിച്ചുപോകാൻ സാധിക്കില്ല എന്നതാണ് സമസ്തയുടെ നിലപാട്. 12 ലക്ഷത്തോളം വിദ്യാർത്ഥികൾ സമസ്തയുടെ മദ്രസകളിൽ മാത്രമായി പഠിക്കുന്നുണ്ട്. അത്രയും കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് സമസ്ത.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!