കണ്ണൂര്‍: തിരക്കേറിയ റോഡിലൂടെ പാട്ടും വെച്ച് ബസ് ഓടിച്ചാൽ ഇനി പിടിവീഴും. കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഓഡിയോ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന ബസുകൾക്കെതിരെ നിർദേശം കടുപ്പിക്കുകയാണ് കണ്ണൂര്‍ ജില്ല എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ. ബസിൽ പാട്ടുവെക്കുന്നതിനും സിനിമാപ്രദര്‍ശനത്തിനും ഇനി വിലക്കാണ്. ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ഇത്തരം സംവിധാനങ്ങൾ രണ്ടുദിവസത്തിനുള്ളില്‍ അഴിച്ചുമാറ്റണമെന്നാണ് ആര്‍ടിഒയുടെ നിർദേശം. ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് ഫിറ്റ്നസ് റദ്ദാക്കും. 10,000 രൂപ വരെയുള്ള പിഴ ഈടാക്കാനും നിർദേശമുണ്ട്.വാതില്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്നതും എന്‍ജിന്‍ ബോണറ്റിന് മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. ഇത് ശ്രദ്ധയിൽപെട്ടാൽ ഡ്രൈവര്‍ക്കെതിരെ കർശന നടപടിയെടുക്കും. സീറ്റിന്റെ അടിയില്‍ വലിയ സ്പീക്കര്‍ ബോക്‌സ് ഘടിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് കാല്‍ നീട്ടിവെച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള പരാതിയും വ്യാപകമാണെന്ന് ആര്‍ടിഒ അറിയിച്ചു. നിലവില്‍ ബസുകളില്‍ പാട്ടിന് നിയമപരമായ വിലക്കുണ്ടെങ്കിലും ഇത് ഒട്ടും പ്രാവര്‍ത്തികമായിട്ടില്ല.