മാവേലിക്കര: മതിയായ രേഖകൾ ഇല്ലാതെയും പിഴ അടയ്ക്കാതെയും ഓടിയ ലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി. തമിഴ്‌നാട് രജിസ്ട്രേഷനുള്ള നാഷണൽ പെർമിറ്റ് ലോറിയാണ് മാവേലിക്കരയിൽ നിന്ന് പിടികൂടിയത്. വാഹനം ഏറെകാലങ്ങളായി മതിയായ രേഖകളില്ലാതെ സർവീസ് നടത്തുകയായിരുന്നുവെന്നും പിഴയായി വൻ തുക അടയ്ക്കാനുണ്ടെന്നും ആലപ്പുഴ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് കണ്ടെത്തി. ഇതേത്തുടർന്ന് കേസ് എടുത്ത് ലോറി കസ്റ്റഡിയിലെടുത്തു. എന്നാൽ കസ്റ്റഡിയിലെടുത്ത വാഹനം ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഡ്രൈവർ കടത്തിക്കൊണ്ട് പോകുകയായിരുന്നു.വിവരം ഉടൻ തന്നെ ഉദ്യോഗസ്ഥർ ആലപ്പുഴ ആർടിഒയ്ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ല മുഴുവനും പരിശോധന കർശനമാക്കാൻ നിർദേശം നൽകി. വാഹനം കണ്ടെത്താനായി മഫ്തി സ്ക്വാഡ് രൂപീകരിച്ചിരുന്നു. പരിശോധനയുടെ ഭാഗമായി മഫ്തിയിൽ സഞ്ചരിച്ച ആലപ്പുഴ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് എംവിഐ മോഹൻലാലിന്റെ അന്വേഷണത്തിൽ വാഹനം മാവേലിക്കരയിലെ ഒരു സ്ഥാപനത്തിൽ ചരക്കിറക്കാനായി എത്തിയിട്ടുണ്ട് എന്ന് കണ്ടെത്തി. ഉടൻ തന്നെ ആർടിഒ മാവേലിക്കര ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വാഹനം പിടിച്ചെടുക്കാൻ നിർദേശം നൽകി.തുടർന്ന് രാത്രി 8 മണിയോടെ വാഹനം പിടികൂടി. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അയാൾക്ക് ലൈസൻസ് ഇല്ല എന്നും വാഹനത്തിന് മതിയായ രേഖകൾ ഒന്നും തന്നെ ഇല്ല എന്നും കണ്ടെത്തി. മാത്രമല്ല പിഴ ഇനത്തിൽ വാഹനത്തിന് 1,20,000 രൂപ കുടിശികയുമുണ്ട്. കുടിശിക തുക മുഴുവൻ അടച്ച് തീർക്കാത്ത പക്ഷം വാഹനം വിട്ടുനൽകില്ലെന്ന് ആർടിഒ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!