കണ്ണൂർ: അമ്മയേയും സഹോദരിയേയും ആക്രമിച്ചതിന് അറസ്റ്റിലായ യുവതി സ്ഥിരം പ്രശ്നക്കാരിയെന്ന് പൊലീസ്. കണ്ണൂർ തലശ്ശേരി സ്വദേശി റസീനയാണ് കഴിഞ്ഞ ദിവസം വീണ്ടും പൊലീസിന്റെ പിടിയിലായത്. വീട്ടിൽ കയറി ആക്രമിച്ചെന്ന അമ്മയുടെയും സഹോദരിയുടെയും പരാതിയിലാണ് ധർമ്മടം പൊലീസ് റസീനയെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. പണം നൽകാത്തതിൻറെ വിരോധത്തിലാണ് റസീന അമ്മയേയും സഹോദരിയേയും ആക്രമിച്ചത്. മദ്യലഹരിയിൽ നടുറോഡിൽ അതിക്രമം കാട്ടുകയും എസ്ഐയെ ആക്രമിക്കുകയും ചെയ്ത കേസിൽ ഉൾപ്പെടെ പ്രതിയാണ് യുവതി.ചൊവ്വാഴ്ച്ചയാണ് റസീന സഹോദരിയുടെ വീട്ടിൽ കയറി അമ്മയേയും സഹോദരിയേയും മർദ്ദിച്ചത്. കൂളി ബസാറിലെ സഹോദരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും മർദ്ദിച്ചെന്നുമാണ് പരാതി. വീട്ടിലെത്തിയ റസീന ഉമ്മയോട് പണം ചോദിച്ചെങ്കിലും അവർ നൽകാൻ തയ്യാറായില്ല. ഇതോടെ യുവതി ഉമ്മയുടെ മുടി പിടിച്ചുവലിച്ചു. തടയാനെത്തിയ സഹോദരിയെ തൂക്കുപാത്രം കൊണ്ട് അടിക്കുകയായിരുന്നു. സഹോദരിയുടെ പതിനഞ്ചുകാരി മകളെയും തല്ലി. ചപ്പാത്തി പരത്തുന്ന പലക കൊണ്ടാണ് പതിനഞ്ചുകാരിയെ ആക്രമിച്ചത്. മാർബിൾ കഷ്ണമെടുത്ത് വീടിൻറെ ജനൽ ചില്ലുകൾ തകർക്കുകയും കാറിൻറെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. റസീനയുടെ അക്രമം സഹിക്കാനാകാതെയാണ് സഹോദരി ധർമടം പൊലീസിൽ വിളിച്ചു വിവരം പറഞ്ഞത്. പൊലീസ് സംഘമെത്തി. പിടികൂടാൻ ശ്രമിച്ച വനിതാ പൊലീസിനെ റസീന തളളി വീഴ്ത്തി. ബലം പ്രയോഗിച്ചാണ് ഇവരെ പിടികൂടിയത്.റസീനയുടെ അക്രമം ഇതാദ്യമല്ല. നിരവധി തവണ ഇവർ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. മാഹി പന്തക്കലിൽ 2022 നവംബറിൽ മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയിരുന്നു. അന്ന് നാട്ടുകാരെ അസഭ്യം പറയുകയും ചോദ്യം ചെയ്ത യുവാവിൻറെ ഫോൺ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. 2023 ഡിസംബറിൽ തലശ്ശേരി കീഴ്വന്തി മുക്കിൽ മദ്യപിച്ച് സുഹൃത്തിനൊപ്പമെത്തി അക്രമം നടത്തിയതിനാണ് മറ്റൊരു കേസ്. അന്ന് തന്നെ കസ്റ്റഡിയിലെടുത്ത വനിതാ എസ്ഐയെ റസീന ആക്രമിച്ചു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പുതിയ കേസ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!